സ്വകാര്യ ബസ്സുകളില്‍ ഇ-പെയ്‌മെന്റ് സംവിധാനം വരുന്നു

പാലക്കാട്: പോക്കറ്റിൽ കാശില്ലെന്നോ ചില്ലറയില്ലെന്നോ കരുതി ഇനി ബസിൽ കയറാതിരിക്കേണ്ട. സംസ്ഥാനത്തെ സ്വകാര്യബസുകളിൽ ഇ-പേമെന്റ് സംവിധാനം വരാൻപോകുന്നു. ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷനാണ് സംവിധാനമൊരുക്കുന്നത്.

കൊച്ചിയിലെ ഐ.ടി. സ്റ്റാർട്ടപ്പായ 'ഗ്രാൻഡ് ലേഡി'യുമായി കൈകോർത്താണ് ബസുകളിൽ ഈ സംവിധാനമൊരുക്കുന്നത്. 'ജിഎൽ പോൾ' എന്ന മൊബൈൽ ആപ്പുമായി ബന്ധിപ്പിക്കുന്ന ഇ-പോസ് യന്ത്രം വഴിയാണ് യാത്രക്കാർക്ക് ടിക്കറ്റ് നൽകുക.

ഇ-പേമെന്റ് സേവനങ്ങളിൽ ആഗോളതലത്തിൽ മുൻനിരയിലുള്ള 'വേൾഡ്ലൈൻ' ആണ് ഈ സംരംഭത്തിന് സാങ്കേതികപിന്തുണ നൽകുന്നത്. ഇതിനായുള്ള ആപ്പിലൂടെയാണ് എ.ടി.എം., ക്രെഡിറ്റ് കാർഡ്, പ്രീപെയ്ഡ് കാർഡ്, യു.പി.ഐ. വഴി ടിക്കറ്റ് നിരക്ക് വാങ്ങുക.

ആദ്യഘട്ടത്തിൽ പാലക്കാട് ജില്ലയിലെ 84 ബസുകളിലാണ് സംവിധാനമൊരുക്കുക. പിന്നീട് സംസ്ഥാനത്തെ ആയിരം ബസുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കുകയാണ് ലക്ഷ്യമെന്ന് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ പറഞ്ഞു.

വൈഫൈ സംവിധാനമുള്ള കാർഡാണെങ്കിൽ യന്ത്രത്തിനുമുകളിൽ കാണിച്ചാൽ ടിക്കറ്റെടുക്കാനാവും. സമയനഷ്ടവുമില്ല. യന്ത്രം വഴി ടിക്കറ്റും യാത്രക്കാർക്ക് ലഭിക്കും. ഇതോടെ, പണം നൽകിയാൽ ടിക്കറ്റ് നൽകുന്നില്ലെന്ന പരാതിക്കു തടയിടാനുമാകും. ശനിയാഴ്ച രാവിലെ 11-ന് പദ്ധതിയുടെ ഉദ്ഘാടനം വി.കെ. ശ്രീകണ്ഠൻ എം.പി. നിർവഹിക്കും. പാലക്കാട് ബസ് ഭവനിൽ നടക്കുന്ന പരിപാടിയിൽ ഓർഗനൈസേഷൻ പ്രസിഡന്റ് എ.എസ്. ബേബി അധ്യക്ഷനാവും. ആർ.ടി.ഒ.മാരായ ടി.എം. ജേഴ്സൺ, എം.കെ. ജയേഷ്കുമാർ എന്നിവർ മുഖ്യാതിഥികളാവും