വിഴിഞ്ഞം തുറമുഖത്തോടനുബന്ധിച്ച് ബൃഹത് പദ്ധതികളാണ് റെയില്‍വേ മേഖലയില്‍ ഒരുങ്ങുന്നത്. തുറമുഖത്തെ ബാലരാമപുരം റെയില്‍വേ സ്റ്റേഷനുമായി ബന്ധപ്പെടുത്തുന്ന ഭൂഗര്‍ഭ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അംഗീകാരമായി. തുറമുഖവുമായി ഏറ്റവും അടുത്തുള്ള ബാലരാമപുരം റെയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഈ നിര്‍ദ്ദിഷ്ട ഭൂഗര്‍ഭ പാതയ്ക്ക് 10.7 കിലോമീറ്ററാണ് നീളം. ഇതില്‍ 9.43 കിലോമീറ്ററും ഭൂമിക്കടിയിലൂടെയാണ്. 1154 കോടി ചെലവ് വരുന്ന പദ്ധതി നിര്‍മ്മാണം തുടങ്ങി മൂന്നരവര്‍ഷത്തിനകം പൂര്‍ത്തിയാക്കും. കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷനാണ് നിര്‍മ്മാണച്ചുമതല. റെയില്‍വേ സ്റ്റേഷനും അനുബന്ധമായി വികസിപ്പിക്കുന്നതോടെ ചരക്ക് നീക്കത്തിന്റെ ഹബ്ബാകും ബാലരാമപുരം.വിമാനത്താവള മാതൃകയില്‍ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ വികസിപ്പിക്കാന്‍ 496 കോടി രൂപയുടെ പദ്ധതിയാണ് ഒരുങ്ങുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ പ്രധാന ടെര്‍മിനലായും കൊച്ചുവേളിയും നേമവും ഉപടെര്‍മിനലായും 156 കോടി രൂപയുടെ പദ്ധതിയും പുരോഗതിയുടെ ട്രാക്കിലാണ്. പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍ റെയില്‍ റോഡ് കണക്ടിവിറ്റിയിലൂടെ കാര്‍ഗോ ടെര്‍മിനല്‍ കൂടിയായി മാറും ജില്ലയിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍.