സുരേഷ് കുമാർ കൈക്കൂലിക്കാരനാണെന്ന് അറിയില്ലാരുന്നുവെന്നാണ് പാലക്കയം വില്ലേജ് ഓഫീസർ പറയുന്നത്. ഒരു വില്ലേജിൽ വില്ലേജ് ഓഫീസറുടെ അറിവില്ലാതെ എങ്ങനെ ഇത്രയധികം പണം കൈക്കൂലിയായി വാങ്ങുമെന്ന സംശയമാണ് അന്വേഷണ ഉദ്യോഗസ്ഥർക്കുമുള്ളത്. പരാതികളെ തുടർന്ന് ഒരു മാസത്തോളം കാലമാണ് സുരേഷിനെ വിജിലൻസ് നിരീക്ഷിച്ചത്. അതീവ ജാഗ്രതയോടെ കൈക്കൂലി വാങ്ങിയ അയാൾ പണത്തിന്റെ കാര്യം ഫോണിലൂടെ ആവശ്യപ്പെടില്ലായിരുന്നു. നേരിട്ട് സംസാരിച്ച് മാത്രമാണ് കൈക്കൂലി പണമിടപാടുകൾ ഇയാൾ നടത്തിയിരുന്നത്. 3 വർഷം മുമ്പാണ് പാലക്കയം വില്ലേജ് ഓഫീസിൽ തിരുവനന്തപുരം സ്വദേശിയായ സുരേഷ് കുമാർ എത്തുന്നത് കൈക്കൂലി കണക്കു പറഞ്ഞു വാങ്ങിയിരുന്ന സുരേഷ് കുമാർ പണം കൊടുത്തില്ലെങ്കിൽ മാസങ്ങളോളം നടത്തിക്കും. സർവ്വെ പൂർത്തിയാക്കാത്ത പ്രദേശമായതിനാൽ പ്രദേശവാസികൾക്ക് വില്ലേജ് ഓഫീസിനെ ആശ്രയിക്കാതെ വഴിയില്ല. വിവിധ സർട്ടിഫിക്കറ്റുകൾക്കായി പലരിൽ നിന്നും 500 മുതൽ 10,000 രൂപ വരെയാണ് കൈപറ്റിയത്. ഇതിനെതിരെ നേരത്തെ വില്ലേജ് ഓഫീസിനു മുന്നിൽ നാട്ടുകാർ പ്രതിഷേധ സമരം നടത്തിയിരുന്നു. എന്നാൽ സുരേഷ് കുമാർ കൈക്കൂലിക്കാരൻ ആണെന്ന് എന്നറിയില്ലായിരുന്നുവെന്ന് പാലക്കയം വില്ലേജ് ഓഫീസർ പറയുന്നത്. മണ്ണാർക്കാട് തഹസീൽദാറുടെ നേതൃത്വത്തിൽ പാലക്കയം വിലേജ് ഓഫീസിൽ പരിശോധന നടത്തി. മണ്ണാർക്കാട് ലോഡ്ജ് മുറിയിൽ പണത്തിനു പുറമെ കവർ പൊട്ടിക്കാത്ത 10 പുതിയ ഷർട്ടുകൾ, മുണ്ടുകൾ,കുടംപുളി ചാക്കിലാക്കിയത്, 10 ലിറ്റർ തേൻ,പടക്കങ്ങൾ ,കെട്ടു കണക്കിന് പേനകൾ എന്നിവയാണ് കണ്ടെത്തിയത്. കൈക്കൂലിയായി പൈസ മാത്രമല്ല എന്തു കിട്ടിയാലും സുരേഷ് കുമാർ കൈപ്പറ്റിയിരുന്നുവെന്നാണ് വിജിലൻസിന്റെ നിഗമനം. അനധികൃത സ്വത്ത് എങ്ങനെ സമ്പാദിച്ചെന്ന് വിജിലൻസ് അന്വേഷിക്കും. മുമ്പ് ജോലിയെടുത്തിരുന്ന വിലേജ് ഓഫീസുകളിലും ഇയാൾ വ്യാപകമായി ക്രമക്കേട് നടത്തി.എന്നാൽ വിജിലൻസിന് ഇയാളെക്കുറിച്ച് പരാതി കിട്ടുന്നത് ഇതാദ്യമാണെന്നതാണ് ശ്രദ്ധേയം.