സംസ്ഥാനത്തെ 33,115 അങ്കണവാടികളിലും വൈദ്യുത പാചകം ഉറപ്പുവരുത്തുകയാണ് അംഗൻജ്യോതി പദ്ധതിയുടെ ലക്ഷ്യം. ഇതിൻറെ ഒന്നാം ഘട്ടത്തിന്റെ പൈലറ്റ് പ്രവർത്തനത്തിന്റെ ഭാഗമായാണ് കഴക്കൂട്ടം മണ്ഡലത്തിലെ അംഗണവാടികളിൽ വൈദ്യുത പാചകത്തിലേക്ക് മാറ്റുന്നതിനുള്ള ഉപകരണങ്ങൾ വിതരണം ചെയ്തത്. ഇൻഡക്ഷൻ കുക്കറുകൾ, അനുബന്ധ പാത്രങ്ങൾ, ഊർജ്ജക്ഷമത കൂടിയ ബി എൽ ഡി സി ഫാനുകൾ, എൽഇഡി ലൈറ്റുകൾ എന്നിവ ഉൾപ്പെടെയുള്ള ഉപകരണങ്ങളാണ് അങ്കണവാടികൾക്ക് വിതരണം ചെയ്യുന്നത്. പദ്ധതിയുടെ അടുത്ത ഘട്ടമായി ഈ അങ്കണവാടികളിൽ എംഎൽഎ ഫണ്ട് ഉപയോഗിച്ച് 2 കിലോവാട്ട് ഗ്രിഡ് ബന്ധിത സൗരോർജ്ജ നിലയം സ്ഥാപിക്കുന്നതിനും ലക്ഷ്യമിടുന്നുണ്ട്. പദ്ധതി നടപ്പാക്കുന്നതിലൂടെ പ്രതിവർഷം ഒരു അങ്കണവാടിയിൽ എൽപിജി ഇനത്തിൽ 9000 രൂപയും വൈദ്യുതി ഇനത്തിൽ 4000 രൂപയും ലാഭിക്കാം. രണ്ട് ടൺ കാർബൺ ബഹിർഗമനം കുറയ്ക്കാനും സാധിക്കും.
എനർജി മാനേജ്മെൻറ് സെൻററിലെ കെ എം ഡി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇഎംസി ഡയറക്ടർ ഡോക്ടർ ആർ. ഹരികുമാർ, വനിതാ ശിശു വികസന വകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ അനീറ്റ എസ്ലിൻ, വിവിധ വകുപ്പുകളെ ഉദ്യോഗസ്ഥർ, അങ്കണവാടി ജീവനക്കാർ എന്നിവർ പങ്കെടുത്തു.