പി.ആര്‍ ജിജോയിയെ കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായി നിയമിച്ചു

പുണെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചലച്ചിത്രവിഭാഗം ഡീനിന്റെ ചുമതല വഹിക്കുന്ന ജിജോയ് പി ആറിനെ കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സിന്റെ ഡയറക്ടറായി നിയമിച്ചു. ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദുവാണ് ഇക്കാര്യം അറിയിച്ചത്. കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ രാജ്യത്തെ ചലച്ചിത്രപഠന സ്‌കൂളുകളുടെ ഒന്നാംനിരയിലേക്ക് ഉയര്‍ത്താന്‍ വേണ്ടിയാണ് വിഖ്യാത ചലച്ചിത്രകാരന്‍ സയീദ് മിര്‍സയെ ചെയര്‍മാനായി നിയമിച്ചതിനു പിന്നാലെയുള്ള പുതിയ ഡയറക്ടര്‍ നിയമനമെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ചലച്ചിത്ര-നാടക പ്രവര്‍ത്തകനും നടനുമായ ജിജോയ്, പുണെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഭിനയ വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ്. കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലെ സ്‌കൂള്‍ ഓഫ് ഡ്രാമ ആന്‍ഡ് ഫൈന്‍ ആര്‍ട്‌സില്‍ നിന്ന് തിയേറ്റര്‍ ആര്‍ട്‌സില്‍ ബിരുദം നേടിയ ജിജോയ്, പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് റാങ്കോടെ ഡ്രാമ ആന്‍ഡ് തീയറ്റര്‍ ആര്‍ട്‌സില്‍ ബിരുദാനന്തര ബിരുദവും എംഫിലും നേടിയിട്ടുണ്ട്.

നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട് ജിജോയ്. ഇതിനോടകം അമ്പത്തഞ്ച് ചലച്ചിത്രങ്ങളിലും നാല്‍പത് നാടകങ്ങളിലും ഇരുപത്തഞ്ച് ഹ്രസ്വചിത്രങ്ങളിലും പത്ത് സീരിയലുകളിലും വേഷമിട്ടു. നാല് വന്‍കരകളിലായി നാനൂറ് അന്താരാഷ്ട്ര നാടകമേളകളില്‍ അഭിനേതാവായി പങ്കാളിയായി. നാലു വര്‍ഷക്കാലം സ്‌കൂള്‍ ഓഫ് ഡ്രാമ ആന്‍ഡ് ഫൈന്‍ ആര്‍ട്‌സില്‍ അധ്യാപകനുമായിരുന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥിയാണ്.