മണിപ്പൂരിൽ സാമുദായിക സംഘർഷം വീണ്ടും ആരംഭിച്ചതായി റിപ്പോർട്ട്. ഒരാൾ കൊല്ലപ്പെട്ടെന്നും രണ്ട് പേർക്ക് പരിക്കേറ്റെന്നുമാണ് ഇവിടെ നിന്ന് പുറത്തുവരുന്ന വിവരം. സൈന്യവും അർദ്ധ സൈനിക വിഭാഗവും രംഗത്തിറങ്ങിയിട്ടും സംഘർഷം ഇതുവരെ പൂർണമായി അവസാനിച്ചിരുന്നില്ല. കഴിഞ്ഞ 48 മണിക്കൂറിനിടെ സംസ്ഥാനത്ത് കാര്യമായ സംഘർഷം റിപ്പോർട്ട് ചെയ്തിരുന്നില്ല. സ്ഥിതിഗതി ശാന്തമാകുന്നുവെന്ന് കരുതിയപ്പോഴാണ് വീണ്ടും അക്രമം അരങ്ങേറിയത്.
കഴിഞ്ഞ ദിവസം മുന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ന്യൂ ചെക്കോണില്‍ കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചത് മേഖലയിൽ വീണ്ടും കലാപസമാനമായ സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരുന്നു. ഇതിന് മറുപടിയായി മറുവിഭാഗം ആളൊഴിഞ്ഞ വീടുകള്‍ക്ക് വ്യാപകമായി തീയിട്ടു. ഒരു പള്ളിക്കും തീയിട്ടു. ഇതോടെ സംഘര്‍ഷം തലസ്ഥാനമായ ഇംഫാലിന് പുറത്തേക്ക് വ്യാപിച്ചിരുന്നു. ബിഷ്ണുപൂർ ജില്ലയിലെ മൊയ്റാങ്ങിൽ വർക് ഷോപ്പിന് അക്രമികൾ തീയിട്ടു.