എസ് വൈ എസ് ഗ്രാമസഞ്ചാരത്തിന് സ്വീകരണം നൽകി

വർക്കല: യുവജനങ്ങളുടെ നാട്ടുവർത്തമാനം എന്ന പ്രമേയത്തിൽ എസ് വൈ എസ് സംസ്ഥാന സാരഥികൾ കാസർകോട് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന ഗ്രാമസഞ്ചാരത്തിന് വർക്കല സോണിന് കീഴിൽ സ്വീകരണം നൽകി. എസ് വൈ എസ് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് സംഘടന ഏറ്റെടുക്കേണ്ട പദ്ധതികളെയും, നടപ്പാക്കേണ്ട പ്രവർത്തനങ്ങളെയും കുറിച്ച് പൊതുജനാഭിപ്രായം ആരായുക എന്നതാണ് ഗ്രാമസഞ്ചാരത്തിന്റെ പ്രധാന ലക്ഷ്യം. സംഘടനയുടെ എല്ലാ ഘടകങ്ങളിലേയും ഭാരവാഹികളുമായി നേതൃത്വം ആശയവിനിമയം നടത്തി. ചിലക്കൂർ മദ്റസാ ഹാളിൽ സോൺ പ്രസിഡന്റ് അനീസ് സഖാഫിയുടെ അധ്യക്ഷതയിൽ സയ്യിദ് ഹുസൈൻ ബാഫഖിയുടെ പ്രാർത്ഥനയോടെ തുടങ്ങിയ പരിപാടി നൈസാം സഖാഫി ഉദ്ഘാടനം ചെയ്തു. തുടർന്ന് സംഘടനയുടെ സമീപന രേഖ, ഡയറക്ടറേറ്റുകളുടെ ദൗത്യം തുടങ്ങിയ വിഷയങ്ങളിൽ സ്റ്റേറ്റ് നേതാക്കളായ റഹ്‌മത്തുല്ലാ സഖാഫി എളമരം, എം.എം ഇബ്‌റാഹീം എന്നിവർ പ്രഭാഷണങ്ങൾ നടത്തി. ജില്ലാ പ്രസിഡന്റ് മുഹമ്മദ്‌ ഷരീഫ് സഖാഫി,സയ്യിദ് മുഹമ്മദ്‌ ജൗഹരി, ജാബിർ ഫാളിലി, നിജാസ് എന്നിവർ സംബന്ധച്ചു. നൗഫൽ മദനി സ്വാഗതവും,സിയാദ് നന്ദിയും പറഞ്ഞു.