റേഷൻ സാധനങ്ങൾ വീട്ടിലെത്തും; 'ഒപ്പം' മന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു.

നെടുമങ്ങാട് മണ്ഡലത്തിൽ 'ഒപ്പം' പദ്ധതിയ്ക്ക് തുടക്കമായി. ഭക്ഷ്യപൊതുവിതരണവകുപ്പ് മന്ത്രി ജി.ആർ അനിൽ പദ്ധതിയുടെ ഫ്‌ളാഗ് ഓഫ്, പുലിപ്പാറ ജംഗ്ഷനിൽ നിർവഹിച്ചു. ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ ഘട്ടം ഘട്ടമായി നടപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും എല്ലാ വിഭാഗം ജനങ്ങൾക്കും പ്രയോജകരമായ പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. പൊതുവിതരണകേന്ദ്രങ്ങളിലെത്തി ഭക്ഷ്യസാധനങ്ങൾ വാങ്ങാൻ കഴിയാത്ത അതിദരിദ്ര കുടുംബങ്ങൾക്ക് റേഷൻസാധനങ്ങൾ വീട്ടിലെത്തിക്കുന്ന പദ്ധതിയാണ് 'ഒപ്പം'. പ്രദേശത്തെ സേവന സന്നദ്ധരായ ഓട്ടോറിക്ഷാത്തൊഴിലാളികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രായമായവർ, കിടപ്പുരോഗികൾ, യാത്ര ചെയ്യാൻ കഴിയാത്ത ഭിന്നശേഷിക്കാർ എന്നിവർക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്.