മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ വീണ്ടും ചീറ്റക്കുഞ്ഞുങ്ങള്‍ ചത്തു

മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ വീണ്ടും ചീറ്റക്കുഞ്ഞുങ്ങള്‍ ചത്തു. ആദ്യത്തെ കുട്ടി ചത്തു ദിവസങ്ങള്‍ക്കുശേഷം ചീറ്റയായ ജ്വാലയുടെ രണ്ട് കുഞ്ഞുങ്ങള്‍ കൂടിയാണ് ചത്തത്. ഈ വര്‍ഷം മാര്‍ച്ച് 24നാണ് ജ്വാല (സിയായ) നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. നാലാമത്തേത് ആരോഗ്യനില ഗുരുതരമായി തുടരുന്നതിനാല്‍ നിരീക്ഷണത്തിലാണെന്ന് കുനോ നാഷണല്‍ പാര്‍ക്ക് അറിയിച്ചു.

'എല്ലാ ചീറ്റക്കുട്ടികളും ദുര്‍ബലരും ഭാരക്കുറവുള്ളവരും ജലാംശം കുറഞ്ഞവരുമാണെന്ന് കണ്ടെത്തിയിരുന്നു. ഹുന്ദ് റിയാദ് ഇനത്തില്‍പ്പെട്ട ചീറ്റയായ ജ്വാലയുടേത് ആദ്യ പ്രസവമായിരുന്നു. ഏകദേശം എട്ടാഴ്ച പ്രായമുള്ള കുഞ്ഞുങ്ങള്‍, അമ്മയ്ക്ക് ചുറ്റും ഒതുങ്ങിനില്‍ക്കുന്ന പ്രകൃതക്കാരായിരുന്നു. 8-10 ദിവസം മുമ്പ് അവര്‍ അമ്മയോടൊപ്പം നടക്കാന്‍ തുടങ്ങിയിരുന്നു, ''രണ്ട് കുഞ്ഞുങ്ങള്‍ നഷ്ടമായതിന് പിന്നാലെ കുനോ നാഷണല്‍ പാര്‍ക്ക് പറഞ്ഞു.

'ചീറ്റ വിദഗ്ധരുടെ അഭിപ്രായത്തില്‍, ആഫ്രിക്കയില്‍ ജീവിക്കുന്ന ചീറ്റക്കുട്ടികളുടെ ശതമാനം സാധാരണയായി വളരെ കുറവാണ്. സ്റ്റാന്‍ഡേര്‍ഡ് പ്രോട്ടോക്കോള്‍ പ്രകാരം, പോസ്റ്റ്മോര്‍ട്ടത്തിനുള്ള നടപടിക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്,'' പാര്‍ക്ക് കൂട്ടിച്ചേര്‍ത്തു. അമ്മ ചീറ്റ ആരോഗ്യവതിയാണെന്നും നിരീക്ഷണത്തിലാണെന്നും പാര്‍ക്കിന്റെ പ്രസ്താവനയില്‍ പറയുന്നു.

കഴിഞ്ഞ രണ്ട് മാസത്തിനിടെ കുനോയിലെ ചീറ്റപ്പുലികളുടെ മരണസംഖ്യ ആറായി. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നെത്തിച്ച മൂന്ന് ചീറ്റകള്‍ ഉള്‍പ്പെടെ ചത്തു. വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞതനുസരിച്ച് ആദ്യത്തെ കുട്ടി തളര്‍ച്ചയെ തുടര്‍ന്നാണ് ചത്തത്. പുതിയ സാഹചര്യത്തില്‍ കുനോ നാഷണല്‍ പാര്‍ക്കില്‍ ഒരു കുട്ടി മാത്രമാണ് അവശേഷിക്കുന്നത്.

മാര്‍ച്ച് 27 ന് നമീബിയന്‍ ചീറ്റകളില്‍ ഒന്നായ സാഷ, വൃക്ക സംബന്ധമായ അസുഖത്തിന് കീഴടങ്ങിയിരുന്നു. ഏപ്രില്‍ 13 ന് ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിച്ച മറ്റൊരു ചീറ്റയായ ഉദയ് മരിച്ചു. മെയ് 9 ന് ഇണചേരല്‍ ശ്രമത്തിനിടെ ദക്ഷിണാഫ്രിക്കയില്‍ നിന്ന് കൊണ്ടുവന്ന ദക്ഷ എന്ന ചീറ്റ പരിക്കേറ്റ് ചത്തിരുന്നു.നഷ്ടം മരണനിരക്കിനുള്ളില്‍'

'സിയായയുടെ കുഞ്ഞുങ്ങളില്‍ ഒന്നിന്റെ നഷ്ടം ദൗര്‍ഭാഗ്യകരമാണെങ്കിലും, ചീറ്റപ്പുലികള്‍ക്ക് പ്രതീക്ഷിക്കുന്ന മരണനിരക്കില്‍ത്തന്നെയാണിത്. കാട്ടുചീറ്റകളില്‍ കുഞ്ഞുങ്ങളുടെ മരണനിരക്ക് കൂടുതലാണ്. ഇക്കാരണത്താല്‍, മറ്റുള്ളവയെ അപേക്ഷിച്ച് വലിയ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്ന തരത്തിലാണ് ചീറ്റകള്‍ പരിണമിച്ചത്. കുഞ്ഞുങ്ങളുടെ ഉയര്‍ന്ന മരണനിരക്ക് നികത്താന്‍ ഇത് അവയെ പ്രാപ്തമാക്കുന്നു.',ദക്ഷിണാഫ്രിക്കന്‍ ചീറ്റ മെറ്റാപോപ്പുലേഷന്‍ വിദഗ്ദനായ വിന്‍സെന്റ് വാന്‍ ഡെര്‍ മെര്‍വെ പറഞ്ഞു. നിര്‍ജ്ജലീകരണമാണ് മരണത്തിന് കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.