നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ സഹോദരന്മാർ വാഹന മോഷണക്കേസിൽ അറസ്റ്റിലായി. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. പെരുങ്കടവിള തത്തിയൂർ അക്വാഡക്റ്റിനു സമീപം വട്ടംതല റോഡരികത്തു പുത്തൻ വീട്ടിൽ ഷിജു (30), സഹോദരൻ ഷീജിൻ (28) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. മോഷണ കേസ്സിൽ ജയിലിൽ കഴിയവേ ഒരാഴ്ചയ്ക്ക് മുമ്പാണ് ഇവർ ജാമ്യം നേടിയത്.2 ദിവസം മുമ്പ് നെയ്യാറ്റിൻകര കോടതി സമുച്ചയത്തിനു സമീപം പാർക്ക് ചെയ്തിരുന്ന ബൈക്ക് ഇവർ മോഷ്ടിച്ചിരുന്നു. തുടർന്ന് ആ വാഹനത്തിൽ കറങ്ങിനടന്ന് മോഷണം, മാലപൊട്ടിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ ചെയ്യാൻ ശ്രമിക്കുകയായിരുന്നു. മാരായമുട്ടത്തിനു സമീപം കാർ വർക്ക്ഷോപ്പ് നടത്തിവരുകയാണ് ഇരുവരും.
നെയ്യാറ്റിൻകര അസി. പൊലീസ് സൂപ്രണ്ട് ടി. ഫറാഷിന്റ്, നെയ്യാറ്റിൻകര ഇൻസ്പെക്ടർ സി.സി. പ്രതാപചന്ദ്രൻ, സബ്ബ് ഇൻസ്പെക്ടർ ശശി ഭൂഷൺ നായർ എന്നിവർ ചേർന്നാണ് സഹോദരന്മാരെ അറസ്റ്റ് ചെയ്തത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ ഇവർ ബൈക്ക് മോഷ്ടിക്കുകയായിരുന്നു.