കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ശേഖരിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്യുന്നവരെ കണ്ടെത്താനായി കേരളാ പോലീസ് സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിൽ എട്ടു പേർ അറസ്റ്റിലായി.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ശേഖരിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്യുന്നവരെ കണ്ടെത്താനായി കേരളാ പോലീസ് സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിൽ എട്ടു പേർ അറസ്റ്റിലായി. 133 കേസുകൾ രജിസ്റ്റർ ചെയ്തു. സൈബർ ഡോമിന്റെ നേതൃത്വത്തിൽ ജില്ലാ പോലീസ് മേധാവിമാരുടെ മേൽനോട്ടത്തിലാണ് വിവിധ ജില്ലകളിൽ റെയ്ഡ് നടത്തിയത്.
    സംസ്ഥാനത്ത് 449 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. ഇതിനായി ജില്ലാ പോലീസ് മേധാവിമാരുടെ മേൽ നോട്ടത്തിൽ 449 പോലീസ് സംഘങ്ങളെ നിയോഗിച്ചിരുന്നു. മൊബൈൽ ഫോണുകൾ, മോഡം, മെമ്മറി കാർഡുകൾ , ലാപ്ടോപ്പുകൾ, കമ്പ്യൂട്ടറുകൾ എന്നിവയുൾപ്പെടെ 212 ഉപകരണങ്ങളിലാണ് കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ശേഖരിച്ചിരുന്നത്. അഞ്ചു മുതൽ 16 വരെ വയസ് പ്രായമുള്ള കുട്ടികളുടെ ദൃശ്യങ്ങളാണ് കണ്ടെടുത്തത്.
     2020 ജനുവരിയിൽ സൈബർ ഡോമിന്റെ കീഴിൽ പ്രവർത്തനം തുടങ്ങിയ കൗണ്ടർ ചൈൽഡ് സെക്ഷ്വൽ എക്സ്പ്ലോയിറ്റേഷൻ യൂണിറ്റാണ് ഇന്റർനെറ്റിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ തിരയുന്നവരെ കണ്ടെത്താനുള്ള ശ്രമങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ഏതാനും വർഷത്തിനിടെ 1120 ൽ പരം കേസുകൾ രജിസ്റ്റർ ചെയ്യാനും 494 പേരെ അറസ്റ്റ് ചെയ്യാനും ഈ അന്വേഷണം വഴിയൊരുക്കി.
#statepolicemediacentre #keralapolice #operationphunt