ചിറയിൻകീഴ്: മേൽ കടയ്ക്കാവൂർ ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. പാൽ, മുട്ട, മാംസം എന്നിവയിൽ സ്വയം പര്യാപ്തതയെന്ന ലക്ഷ്യം മുന്നിൽക്കണ്ടുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. പശുക്കളുടെ എണ്ണം വർധിപ്പിക്കാതെ തന്നെ , നല്ലയിനം പശുക്കളെ ഉപയോഗിച്ച് പാൽ ഉത്പാദനം കൂട്ടാനുള്ള ശ്രമങ്ങളാണ് ക്ഷീരവികസന വകുപ്പ് നടത്തുന്നത്. ഇതിന്റെ ഭാഗമാണ് പത്തനംതിട്ട ജില്ലയിൽ ഏഴരക്കോടി രൂപ ചെലവിൽ, നടപ്പാക്കിയ കന്നുകാലികൾക്കായുള്ള സമ്പൂർണ ഹെൽത്ത് കാർഡ്, ഇ-സമൃദ്ധി പദ്ധതിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യയിലാദ്യമായി നടപ്പാക്കിയ പദ്ധതിയിൽ, ഇലക്ട്രോണിക് ചിപ്പ് പശുക്കളുടെ ചെവിയിൽ ഘടിപ്പിക്കുന്നു. ഇതിലൂടെ പാലുത്പാദനം, രോഗവിവരം എന്നിവ കൃത്യമായി വിലയിരുത്താനാകും. കേരളത്തിലെ ക്ഷീരവികസനത്തിൽ സഹകരണസംഘങ്ങളുടെ പങ്ക് വലുതാണെന്നും മന്ത്രി വ്യക്തമാക്കി.
മേൽ കടയ്ക്കാവൂർ ക്ഷീര വ്യവസായ സഹകരണ സംഘത്തിന്് കീഴിൽ ആരംഭിച്ച മിൽക്കോ ഡയറി സംഭരണ വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം അടൂർ പ്രകാശ് എം.പി നിർവഹിച്ചു.
1972ലാണ് മേൽ കടയ്ക്കാവൂർ ക്ഷീര വ്യവസായ സഹകരണ സംഘം സ്ഥാപിതമാകുന്നത്. 2005ൽ മിൽകോ എന്ന പേരിൽ ഡയറി പ്ലാന്റും സംഘത്തിന് കീഴിൽ പ്രവർത്തനം ആരംഭിച്ചു. സംസ്ഥാനത്തെ ആദ്യത്തെ കിടാരി പാർക്ക്, മിൽക്ക് എടിഎം എന്നിവ മേൽ കടയ്ക്കാവൂർ ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെ സംഭാവനകളാണ്.
വാർഷികാഘോഷങ്ങളുടെ ഭാഗമായി വ്യാഴം, വെള്ളി ദിവസങ്ങളിൽ സംരംഭകത്വ പരിശീലന പരിപാടികൾ, സെമിനാറുകൾ, സ്റ്റാർട്ടപ്പ് സംരംഭക രജിസ്ട്രേഷൻ പരിശീലനം എന്നിവയും നടക്കും. ചടങ്ങിൽ ഒ.എസ് അംബിക എം.എൽ.എ അധ്യക്ഷയായിരുന്നു. കർഷകരെയും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും ചടങ്ങിൽ ആദരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, സഹകരണ സംഘം ഭാരവാഹികൾ എന്നിവരും പങ്കെടുത്തു.