മോക്ക ചുഴലിപ്രഭാവം, കേരളത്തിൽ മഴ കനക്കും; അടുത്ത അഞ്ച് ദിവസം എന്ത് സംഭവിക്കും, അറിയേണ്ടതെല്ലാം!

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മോക്ക ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തിൽ കേരളത്തിലും മഴ കനത്തേക്കും. ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണുള്ളത്. എന്നാൽ ഒരു ജില്ലയിലും പ്രത്യേക അലർട്ടുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
അടുത്ത അഞ്ച് ദിവസത്തെ മഴ അറിയിപ്പ്

കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി/ മിന്നൽ / കാറ്റോട് കൂടിയ മഴക്ക് സാധ്യത
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മെയ്‌11 ന് ശക്തമായ മഴക്ക് സാധ്യത
ബംഗാൾ ഉൾകടലിൽ 'മോഖ' ചുഴലിക്കാറ്റ് രൂപപ്പെട്ടു
തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് 'മോഖ' രൂപപ്പെട്ടു.
വടക്ക് - വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് ഇന്ന് അർധ രാത്രിയോടെ തീവ്രചുഴലിക്കാറ്റായി ( Severe Cyclonic Storm) മാറാൻ സാധ്യത.
മെയ്‌ 12 രാവിലെയോടെ ദിശ മാറി വടക്ക് - വടക്ക് കിഴക്ക് സഞ്ചരിക്കാൻ തുടങ്ങുന്ന മോഖ വൈകുന്നേരത്തോടെ മധ്യ ബംഗാൾ ഉൾകടലിൽ അതി തീവ്രചുഴലിക്കാറ്റായി ( Very Severe Cyclonic Storm) ശക്തി പ്രാപിക്കാൻ സാധ്യത. 
മെയ്‌ 14 ഓടെ ശക്തി കുറയാൻ തുടങ്ങുന്ന മോഖ മെയ്‌ 14 ന് രാവിലെ Cox's Bazar ( ബംഗ്ലാദേശ് ) നും Kyaukpyu( മ്യാൻമർ ) ഇടയിൽ പരമാവധി 145 km/ hr വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.