മാലിന്യ മുക്തകേരളം; പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ ശുചീകരണയജ്ഞം

മാലിന്യമുക്തകേരളം ക്യാമ്പയിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രി പരിസരത്ത് ശുചീകരണ പ്രവർത്തനം നടന്നു. ജില്ലാ പഞ്ചായത്തിന്റെ ഘടകസ്ഥാപനങ്ങളിൽ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രസിഡന്റ് ഡി.സുരേഷ് കുമാർ നിർവഹിച്ചു. കേരളത്തെ മാലിന്യ മുക്തമാക്കാനുള്ള സർക്കാർ ശ്രമങ്ങൾക്ക് മാലിന്യമുക്ത കേരളം ക്യാമ്പയിൻ ഊർജ്ജം പകരുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. മാലിന്യമുക്തകേരളം മഴക്കാലപൂർവശുചീകരണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യത്തെ, നാടൊന്നാകെ ഏറ്റെടുത്തിരിക്കുകയാണെന്നും പൊതുജനങ്ങളുടെയും സന്നദ്ധസംഘടനകളുടെയും സഹകരണത്തോടെ ക്യാമ്പയിൻ വിജയത്തിലെത്തിക്കാൻ തീവ്രപരിശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ഷൈലജാ ബീഗം, മറ്റ് ജനപ്രതിനിധികൾ, സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ, ഹരിതകർമ്മ സേനാംഗങ്ങൾ, പേരൂർക്കട ജില്ലാ ആശുപത്രി വികസന സമിതി അംഗങ്ങൾ, നഗരസഭാ ശുചീകരണത്തൊഴിലാളികൾ, യുവജനസംഘടനകൾ എന്നിവരും ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി.