ആര്യനാട് പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ സമ്പൂർണമായും ഡിജിറ്റലാകുന്നതിന്റെ ഭാഗമാണ് ഗ്രാമഭവനുകൾ. ഗ്രാമപഞ്ചായത്തിന്റെ 18 വാർഡുകളിലും ഗ്രാമഭവനുകളിലൂടെ സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭിക്കും. പരിശീലനം നേടിയ ഗ്രാമസഹായികളെ ഇതിനായി നിയോഗിക്കും. ഇവർക്ക് തിരിച്ചറിയൽകാർഡുകൾ നൽകിയിട്ടുണ്ട്. വാർഡിലെ ജനപ്രതിനിധികളുടെ ഓഫീസായും അഗ്രോ ക്ലിനിക്കുകൾ, ആരോഗ്യ സബ് സെന്ററുകൾ, അങ്കണവാടി എന്നീ സ്ഥാപനങ്ങളുടെയും ഗ്രാമപഠന കേന്ദ്രം, വിജ്ഞാന കേന്ദ്രം, വാതിൽപ്പടി സേവനം, കോർണർ പി.റ്റി.എ. വാർഡ് തല പുസ്തകശാല, കുടുംബശി എ.ഡി.എസ്., വാർഡ് ആസൂത്രണ സമിതി, ജാഗ്രതാ സമിതി, ഗ്രാമസഭ, ഹരിതകർമ്മ സേന, ആരോഗ്യസേന, സാനിറ്റേഷൻ കമ്മിറ്റി, സ്പോർട്സ് കൗൺസിൽ തുടങ്ങിയ സംഘടനാ സംവിധാനങ്ങളുടെ ഏകോപന കേന്ദ്രമായും ഗ്രാമഭവനുകൾ പ്രവർത്തിക്കും. ഇതര വകുപ്പിലെ സേവന വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭിക്കുന്നതിനായി വാർഡ്തല സിറ്റിസൺ ഫെസിലിറ്റേഷൻ സെന്ററും ഗ്രാമഭവനിൽ ഒരുക്കും.
*ഹരിതകർമ്മസേന അംഗങ്ങളെ ആദരിച്ചു*
അജൈവമാലിന്യമുക്ത അരുവിക്കര എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ ഗ്രീൻ അരുവിക്കര ശുചിത്വ ക്യാമ്പയിന്റെ സമാപനവും മന്ത്രി ഉദ്ഘാടനം ചെയ്തു. ക്യാമ്പയിനായി പ്രവർത്തിച്ച ഹരിതകർമ്മസേന അംഗങ്ങളെ മന്ത്രി ആദരിച്ചു.
മണ്ഡലത്തിലെ എട്ടു ഗ്രാമപഞ്ചായത്തുകളിലെയും ഹരിത കർമ്മ സേനാംഗങ്ങൾക്ക് ക്ലീൻ കേരള കമ്പനിയുടെയും ശുചിത്വമിഷന്റെയും ഉപഹാരങ്ങൾ വിതരണം ചെയ്തു.
ഒരുമാസം നീണ്ടു നിന്ന ശുചിത്വ ക്യാമ്പയിനിന്റെ ഭാഗമായി പൊതുജനങ്ങളുടെയും ജനപ്രതിനിധികളുടെയും ഹരിതകർമ്മസേനയുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ 122.29 ടൺ മാലിന്യമാണ് നീക്കിയത്.
ആര്യനാട് ഗവൺമെന്റ് വി.എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജി.സ്റ്റീഫൻ എം.എൽ.എ അധ്യക്ഷനായിരുന്നു. ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ മറ്റ് ജനപ്രതിനിധികൾ എന്നിവരും പങ്കെടുത്തു.