തിരുവനന്തപുരത്ത് വയോധികയ്ക്ക് നേരെ മുഖംമൂടി ആക്രമണം; കമ്പിപ്പാര കൊണ്ട് അടിച്ചു, കാലിന് പൊട്ടല്‍

തിരുവനന്തപുരം: ബാലരാമപുരത്ത് വയോധികക്ക് നേരെ മുഖംമൂടി അക്രമണം. ഇന്ന് പുലര്‍ച്ചെ 6 ന് അജ്ഞാതൻ കമ്പിപ്പാരകൊണ്ട് വയോധികയുടെ തലയിലും കാലിലും അടിച്ചു. കാലിലെ എല്ല് പൊട്ടി. പാല്‍ സാസൈറ്റിയില്‍ പാല്‍ എത്തിച്ച് മടങ്ങിയ 63 വയസുളള അമ്പിളിയ്ക്കു നേരെയാണ് ആക്രമണം. കറുത്ത ഷര്‍ട്ടും പാന്‍റും ധരിച്ച് കറുത്ത തുണികൊണ്ട് മുഖം മറച്ചുമാണ് അക്രമി അമ്പിളിയെ ആക്രമിച്ചത്. 

അമ്പിളിയുടെ വീടിന് മുന്നിലായിരുന്നു ആക്രമണം. ആദ്യം തലക്കാണ് അടിച്ചതെങ്കിലും പാല്‍പാത്രം കൊണ്ട് തടഞ്ഞതിനാല്‍ അടികൊണ്ടില്ല. താഴെ വീണ അമ്പിളിയുടെ കാല്‍ കമ്പിപ്പാരക്ക് അടിച്ചൊടിച്ച് മർദ്ദിച്ചു. നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ അമ്പിളിയെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍കോളേജിലേക്കും മാറ്റി. കാലിലെ എല്ല് പൊട്ടിമാറിയ അമ്പിളിക്ക് ശസ്ത്രക്രിയ നടത്തി. ആക്രമണ കാരണം വ്യക്തമല്ല.