തിരുവനന്തപുരം: ഡോക്ടർമാരെ കയ്യേറ്റം ചെയ്തെന്ന പരാതിയിൽ രോഗിയെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് സംഭവം. ചികിത്സയിലുള്ള ബാലരാമപുരം സ്വദേശി സുധീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മെഡിക്കൽ കോളേജിലെ ന്യൂറോ സർജറി വിഭാഗത്തിലെ രോഗിയായിരുന്നു സുധീർ. കിടപ്പ് രോഗിയായ സുധീർ റസിഡന്റ് ഡോക്ടർമാരെ കയ്യേറ്റം ചെയ്‌തെന്നാണ് പരാതി. ഇന്ന് വൈകീട്ടോടെയാണ് സംഭവം നടന്നതെന്നാണ് വിവരം. ചികിത്സ സംബന്ധിച്ച തർക്കത്തെ തുടർന്ന് ഡോക്ടർമാരെ സുധീർ ഷർട്ടിൽ പിടിച്ച് തള്ളിയെന്നാണ് പരാതി. അറസ്റ്റ് ചെയ്യപ്പെട്ടതോടെ സുധീർ പൊട്ടിക്കരഞ്ഞു. പൊലീസ് ജീപ്പിലിരുന്നും ഇയാൾ കരയുകയായിരുന്നു.