അഞ്ചു മിനിറ്റ് വൈകി ; അംഗപരിമിതയ്ക്ക് പിഎസ്‌സി പരീക്ഷ എഴുതാനായില്ല


റിപ്പോര്‍ട്ടിങ് സമയത്തിന് അഞ്ചു മിനിറ്റ് വൈകി എത്തിയത് മൂലം അംഗപരിമിതയായ ഉദ്യോഗാര്‍ഥിക്ക് പിഎസ്സി പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല. പരീക്ഷാ കേന്ദ്രത്തിനു മുന്നില്‍ പൊട്ടിക്കരഞ്ഞ ഉദ്യോഗാര്‍ഥിയെ നാട്ടുകാര്‍ ആശ്വസിപ്പിച്ചു വീട്ടിലേക്ക് അയച്ചത്. ഇന്നലെ ജഗതി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലായിരുന്നു സംഭവം. 

വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പ്രധാന പരീക്ഷ എഴുതാന്‍ എത്തിയ വിഴിഞ്ഞം മുല്ലൂര്‍ പനനിന്നതട്ട് വീട്ടില്‍ ജെ.ചിത്രയ്ക്കാണ് പരീക്ഷ എഴുതാന്‍ കഴിയാതെ പോയത്. രാവിലെ 10ന് തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ ബസ് ഇറങ്ങി. ഹാള്‍ ടിക്കറ്റില്‍ 1.5 കിലോമീറ്ററാണ് ഇവിടെ നിന്നു പരീക്ഷ സെന്ററിലേക്കുള്ള ദൂരം കാണിച്ചിരുന്നത്. ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നതിനാല്‍ ബസുകള്‍ക്ക് മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ല. ട്രാഫിക് പൊലീസുകാരോട് പരീക്ഷയാണെന്നും പോകാന്‍ അനുവദിക്കണമെന്നും ചിത്ര പറഞ്ഞു. 

പിന്നാലെ പൊലീസുകാര്‍ ഓട്ടോ വിളിച്ചു നല്‍കി. ഇതില്‍ സ്‌കൂളില്‍ എത്തിയെങ്കിലും സമയം വൈകി. 10.35 ആയതിനാല്‍ പ്രവേശനം അനുവദിച്ചില്ല. സ്‌കൂളിന്റെ രണ്ടു ഗേറ്റുകളും അടയ്ക്കുകയും ചെയ്തു.തുടര്‍ന്ന് പൊട്ടിക്കരഞ്ഞു കൊണ്ടു ചിത്ര കണ്‍ട്രോള്‍ റൂമിലും പിഎസ്സിയിലും സഹായം അഭ്യര്‍ത്ഥിച്ചുവെങ്കിലും ഫലമുണ്ടായില്ല. കംപ്യൂട്ടര്‍ സയന്‍സ് ബിരുദധാരിയായ ചിത്ര ബോട്ടില്‍ ആര്‍ട്ടില്‍ പേറ്റന്റ് നേടിയിട്ടുണ്ട്. എല്‍ഡിസി റാങ്ക് ലിസ്റ്റില്‍ ഉണ്ടായിരുന്നുവെങ്കിലും ടൈപ്പ് അറിയാത്തതിനാല്‍ ജോലി ലഭിച്ചില്ല.