പ്രതി കോടതിയിലെ ടോയ്‌ലറ്റ് വഴി രക്ഷപ്പെട്ടോടി , പിന്നാലെ സ്‌കൂട്ടിയില്‍ പിന്തുടര്‍ന്ന് സി ഐ, പിന്നെ നടന്നത്,

കടയ്ക്കല്‍: കോടതിയില്‍ നിന്ന് രക്ഷപ്പെട്ടോടിയ പ്രതിയെനാട്ടുകാരുടെ സഹായത്തോടെ   കടയ്ക്കല്‍ പൊലീസ് പിടികൂടി. തിരുവനന്തപുരം പേയാട് സ്വദേശി രതീഷിനെയാണ് കടയ്ക്കല്‍ സി.ഐ.രാജേഷ്, മേവനക്കോണം സ്വദേശികളായ സിനേഷ്, ജ്യോതി എന്നിവരുടെ സഹായത്തോടെ പിടികൂടിയത്.

 പാങ്ങലുകാട് ഒരു ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ തടവിലായിരുന്ന രതീഷിനെ കടയ്ക്കല്‍ കോടതിയില്‍ എത്തിച്ചപ്പോഴായിരുന്നു സംഭവം. ടോയ്‌ലെറ്റിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഒരാള്‍ എസ്.ബി.ഐ റോഡിലൂടെ ഓടുന്നത് കണ്ട് ഗ്യാസ് റിപ്പയര്‍ ഷോപ്പ് നടത്തുന്ന സിനേഷ് വിവരം സി.ഐ ആര്‍.രാജേഷിനെ അറിയിക്കുകയായിരുന്നു.

സ്‌കൂട്ടിയില്‍ പ്രതിയെ പിന്തുടര്‍ന്ന സി.ഐ അടിപ്പാറ മേടയില്‍ ക്ഷേത്രത്തിന് സമീപം വച്ച്‌ കീഴ്‌പ്പെടുത്തുകയായിരുന്നു. തൊട്ടടുത്ത വീട്ടിലെ താമസക്കാരി ജ്യോതി ഷാള്‍ കൊണ്ടുവന്ന് പ്രതിയുടെ കൈകള്‍ കൂട്ടിക്കെട്ടി. പ്രതിയെ പിന്നീട് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.