ബൈക്കും ഓട്ടോറിക്ഷയും, ബൈക്കും കാറും, ഒറ്റ ദിവസം മൂന്ന് വാഹനാപകടം; അഞ്ച് പേർക്ക് പരിക്ക്, കേസെടുത്തു

തിരുവനന്തപുരം: തലസ്ഥാനത്ത് വിത്യസ്ത വാഹനാപകടങ്ങളിലായി അഞ്ച് പേർക്ക് പരിക്കേറ്റു. പുങ്കുളം, വാഴമുട്ടം, വിഴിഞ്ഞം എന്നിവിടങ്ങളിലാണ് വിവിധ അപകടങ്ങളിലായി ഇരുചക്ര വാഹന യാത്രികരായ അഞ്ച് പേർക്ക് പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരത്തോടെയാണ് ആദ്യത്തെ അപകടം നടന്നത്. പൂങ്കുളം എൽ.പി.എസിന് സമീപം ഓട്ടോറിക്ഷ ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ വിഴിഞ്ഞം ആമ്പൽക്കുളം സ്വദേശികളായ നൗഫൽ (20) അബ സുഫിയാൻ (17) എന്നിവർക്കാണ് പരിക്കേറ്റത് ഇരുവരെയും 108 ആംബുലൻസിൽ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഇതിന് പിന്നാലെ ബൈപ്പാസിൽ വാഴമുട്ടത്ത് കാറ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിലും രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. ബൈപ്പാസിൽ തിരുവല്ലം ഭാഗത്ത് നിന്ന് കോവളം ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും വാഴമുട്ടം സിഗ്നലിൽ നിന്നും പാറവിള ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കാരയ്ക്കോണം സ്വദേശികൾക്ക് ഗുരുതര പരിക്കേറ്റു. ഇരുവരെയും ഹൈവേ അതോറിറ്റിയുടെ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഴിഞ്ഞം ജംഗ്ഷനിൽ പൊലീസ് സ്റ്റേഷന് മുന്നിലാണ് മൂന്നാമത്തെ അപകടം നടന്നത്. വിഴിഞ്ഞം സ്വദേശിയായ യുവാവിന് അപകടത്തിൽ ഗുരുതര പരിക്കേറ്റു. വിഴിഞ്ഞം കടയ്ക്കുളം സ്വദേശിയ്ക്കാണ് പരിക്കേറ്റത്. ഇയാളെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂരിൽ നിന്നും തമിഴ്നാട്ടിലേക്ക് പോയി തിരികെ നാട്ടിലേക്ക് മടങ്ങുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് യുവാവ് സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ ബസിന് അടിയിലേക്ക് തെറിച്ച് വീണാണ് യുവാവിന് ഗുരുതര പരിക്കേറ്റത്. അപകടങ്ങളിൽ തിരുവല്ലം, വിഴിഞ്ഞം പൊലീസ് കേസുകൾ രജിസ്റ്റർ ചെയ്തു.