വട്ടപ്പാറ സ്വദേശി ചിത്രസേനനാണ് പൊലീസിന്റെ പിടിയിലായത്. റോഡില്‍ നടന്നു പോവുകയായിരുന്ന 68കാരിയെ പിന്തുടര്ന്നായിരുന്നു ആക്രമണം. ശ്രീകാര്യം ഗാന്ധിപുരം റോഡില്‍ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. മകളുടെ വീട്ടില്‍ പോയി മടങ്ങുകയായിരുന്ന അറുപത്തെട്ടുകാരിയെയാണ് വടപ്പാറ സ്വദേശിയായ ചിത്രസേനന് നടുറോഡില്‍ വച്ച് കടന്നു പിടിച്ചത്.
കഴുത്തില്‍ ചുറ്റിപ്പിടിച്ചതോടെ കുതറി മാറാന്‍ ശ്രമിച്ചെങ്കിലും വയോധികയെ സമീപത്തെ ഇടവഴിയില്‍ തള്ളിയിടാന്‍ ശ്രമിച്ചു. നിലവിളി കേട്ടോടിയെത്തിയ വഴിയാത്രക്കാരും സമീപ വാസികളുമാണ് ചിത്രസേനനെ തടഞ്ഞുവച്ചത്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമ കുറ്റം ചുമത്തിയാണ് ചിത്രസേനനെതിരെ ശ്രീകാര്യം പൊലീസ് കേസെടുത്തത്. ശ്രീകാര്യം സ്റ്റേഷന് പരിധിയില്‍ 2020ല്‍ വധശ്രമ കേസിലും ഇയാള്‍ പ്രതിയാണ്. സമാനരീതിയില്‍ മറ്റ് അതിക്രമങ്ങള്‍ ഇയാള്‍ നടത്തിയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.