നിയമവിരുദ്ധമായി രൂപമാറ്റംനടത്തിയ വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രനൻ ഇവയെ മോട്ടോര്‍വാഹനനിയമം പാലിക്കുന്നവയായി കണക്കാക്കാനാവില്ലെന്ന് വിലയിരുത്തിയാണ് ഉത്തരവിട്ടിരിക്കുന്നത്. മള്‍ട്ടികളര്‍ എല്‍.ഇ.ഡി., ലേസര്‍, നിയോണ്‍ലൈറ്റുകള്‍ തുടങ്ങിയവ ഘടിപ്പിക്കുന്നതും നിയമവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഓരോ രൂപമാറ്റത്തിനും ഇത്തരം വാഹനങ്ങള്‍ക്ക് മോട്ടോര്‍വാഹന നിയമപ്രകാരമുള്ള ശിക്ഷയ്ക്കുപുറമേ 5000 രൂപവീതം പിഴയീടാക്കാനും നിര്‍ദേശിച്ചു. പിടികൂടുന്ന വാഹനങ്ങള്‍ വിട്ടുനല്‍കുന്നതിനുമുമ്പ് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു. റോഡുസുരക്ഷാനിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് പോലീസ്, മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്ന 2019-ലെ കോടതി ഉത്തരവ് ലംഘിക്കുന്നതായി ചൂണ്ടിക്കാട്ടി ഓള്‍ കേരള ട്രക്ക് ഓണേഴ്‌സ് അസോസിയേഷനാണ് ഹര്‍ജി നല്‍കിയിരുന്നത്.
വാഹനത്തില്‍ രൂപമാറ്റം വരുത്തുന്നത് മോട്ടോര്‍ വാഹന നിയമം അനുസരിച്ച് കുറ്റകരമാണ്. അതേസമയം, വാഹനത്തിന്റെ നിറത്തില്‍ ഉള്‍പ്പെടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തി മാറ്റാനും അനുമതിയുണ്ട്. എന്നാല്‍, വാഹനത്തില്‍ നിന്ന് പുറത്തേക്ക് തള്ളി നില്‍ക്കുന്ന അലോയി വീല്‍, കാഴ്ച മറയ്ക്കുന്ന കര്‍ട്ടണുകളും കൂളിങ്ങും, അതിതീവ്ര പ്രകാശമുള്ള ലൈറ്റുകള്‍, എക്‌സ്‌ഹോസ്റ്റില്‍ വരുത്തുന്ന മാറ്റം, ക്രാഷ്ഗാര്‍ഡുകള്‍ ഘടിപ്പിക്കുന്നത്, നമ്പര്‍ പ്ലേറ്റില്‍ അലങ്കാരപ്പണികള്‍ വരുത്തുന്നത് തുടങ്ങിയവയെല്ലാം നിയമലംഘനങ്ങളുടെ പരിധിയില്‍ വരുന്നവയാണ്.
ഹൈക്കോടതി വടക്കാഞ്ചേരിയില്‍ ടൂറിസ്റ്റ് ബസ് അപകടത്തില്‍ പെട്ടതിന് പിന്നാലെ വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നതിനും അമിതമായി അലങ്കരിക്കുന്നതിനുമെതിരേ രംഗത്തെത്തിയിരുന്നു. ഇതേതുടര്‍ന്ന് ടൂറിസ്റ്റ് ബസുകള്‍ ഉള്‍പ്പെടെ എല്ലാ വാഹനങ്ങള്‍ക്കും രൂപമാറ്റം വരുത്തുന്നതിന് ഉയര്‍ന്ന പിഴ ഈടാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിക്കുകയായിരുന്നു. വാഹനത്തില്‍ വരുത്തുന്ന ഒരോ രൂപമാറ്റവും പ്രത്യേകം കേസുകളായി പരിഗണിക്കുമെന്ന് മുമ്പ് മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പും നല്‍കിയിരുന്നു.
ഹെഡ്‌ലൈറ്റുകളുടെ അതിതീവ്രത പ്രകാശമുള്ള ഉപയോഗം, വാഹനത്തിന് വേഗം കൂട്ടാനുള്ള കൃത്രിമ സംവിധാനങ്ങള്‍, ബോഡിയില്‍ നിന്ന് പുറത്തേക്ക് തള്ളി നില്‍ക്കുന്ന ടയറുകളുടെയും ഡിസ്‌കുകളുടേയും ഉപയോഗം, വാഹനത്തിന്റെ ശബ്ദം കൂട്ടുന്നതിനായി സൈലന്‍സറുകളില്‍ മാറ്റം വരുത്തുന്നത്, സസ്‌പെന്‍ഷനില്‍ മാറ്റം വരുത്തുന്നത്, വാഹനത്തിന്റെ ഘടനയില്‍ മാറ്റം വരുത്തുന്നത് തുടങ്ങിയവ ഗുരുതര നിയമലംഘനങ്ങളായി പരിഗണിക്കുകയും കടുത്ത പിഴ ഈടാക്കുകയും ചെയ്യുമെന്നാണ് എം.വി.ഡി. മുമ്പ് അറിയിച്ചിരുന്നത് തന്നെ.