സംസ്ഥാനത്തെ എല്ലാ അങ്കണവാടികളേയും സമയബന്ധിതമായി സ്മാര്‍ട്ട് അങ്കണവാടികളാക്കി മാറ്റുമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പൂജപ്പുരയിലെ സ്മാര്‍ട്ട് അങ്കണവാടില്‍ അങ്കണവാടി പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.30ലധികം അങ്കണവാടികളെ സ്മാര്‍ട്ട് അങ്കണവാടികളാക്കി മാറ്റിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ചും മറ്റ് ജനപ്രതിനിധികളുടെ ഫണ്ടും പൊതുസമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കിയുമാണ് സ്മാര്‍ട്ട് അങ്കണവാടികളാക്കുന്നത്. സുരക്ഷിതമായ ഒരു ഇടം എന്നതിനോടൊപ്പം കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ വളര്‍ച്ചയ്ക്ക് സഹായകരമാകുന്ന അന്തരീക്ഷം ഉറപ്പാക്കുകയും സ്മാര്‍ട്ട് അങ്കണവാടികളിലൂടെ ലക്ഷ്യമിടുന്നതായും മന്ത്രി വ്യക്തമാക്കി.അങ്കണവാടികളുടെ സമ്പൂര്‍ണ വൈദ്യുതിവത്ക്കരണം ലക്ഷ്യത്തോടടുക്കുകയാണ്. 2500 ഓളം അങ്കണവാടികളില്‍ വൈദ്യുതിയില്ലാത്ത അവസ്ഥയാണ് ഉണ്ടായിരുന്നത്. വൈദ്യുതി വകുപ്പുമായി ചേര്‍ന്നുള്ള നടപടികളിലൂടെ ഇനി നൂറില്‍ താഴെ അങ്കണവാടികളില്‍ മാത്രമാണ് വൈദ്യുതി ലഭിക്കാനുള്ളത്. വൈദ്യുതി ലൈന്‍ വലിക്കാന്‍ പറ്റാത്ത സ്ഥലങ്ങളില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ച് ഈ വര്‍ഷം തന്നെ മുഴുവന്‍ അങ്കണവാടികളിലും വൈദ്യുതി ലഭ്യമാക്കും.
പൊതു വിദ്യാഭ്യാസ മേഖലയില്‍ ദേശീയതലത്തില്‍ തന്നെ നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയില്‍ ഒന്നാമതായി നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസവും വ്യക്തിത്വ വികസനവും വളര്‍ത്തിയെടുക്കുന്നത് വളരെ ശ്രദ്ധയോടെയും കരുതലോടെയും കാണുകയും പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്യുന്ന ഒരു സമൂഹമാണ് നമ്മുടേത്.
സംസ്ഥാന സര്‍ക്കാരിന്റെ ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ കുഞ്ഞുങ്ങള്‍ സ്‌കൂളുകളില്‍ പോകുന്നതിന് തൊട്ടുമുമ്പുള്ള കാലഘട്ടത്തിന് വളരെ പ്രാധാന്യമാണ് നല്‍കുന്നത്. പ്രിയപ്പെട്ടവരുടെ സംരക്ഷണയില്‍ നിന്നും കുഞ്ഞുങ്ങള്‍ പൊതു സമൂഹത്തിലേക്ക് എത്തുന്ന ആദ്യത്തെ ഇടം അങ്കണവാടികളാണ്. ആ അങ്കണവാടികളെ ഏറ്റവും ശാസ്ത്രീയമായി സജ്ജമാക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.