സംസ്ഥാനത്തെ നഗരസഭകളിലെ മരാമത്ത്, റവന്യൂ, ആരോഗ്യ വിഭാഗങ്ങളിൽ വിജിലൻസിന്റെ സംസ്ഥാന വ്യാപക മിന്നൽ പരിശോധന. പൊതുജന അപേക്ഷകളിൽ ഉദ്ദ്യോഗസ്ഥർ നടപടി സ്വീകരിക്കുന്നില്ലെന്നും നിയമലംഘനങ്ങൾക്ക് ഒത്താശ ചെയ്യുന്നതായും വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. രാവിലെ 11.00 മുതൽ “OPERATION CLEAN CORP” എന്ന പേരിൽ സംസ്ഥാനത്തെ എല്ലാ കോർപ്പറേഷനുകളിലും തെരഞ്ഞെടുത്ത സോണൽ ഓഫീസുകളിലുമാണ് മിന്നൽ പരിശോധന നടത്തുന്നത്.കോർപ്പറേഷനുകളിലെ മരാമത്ത് വിഭാഗത്തിന്റെ കീഴിൽ ഏജന്റുമാർ ഇടനിലക്കാരായ അപേക്ഷകളിൽ മാത്രം ത്വരിതഗതിയിൽ കെട്ടിട നിർമ്മാണ പെർമിറ്റും ഓക്യൂപെൻസി സർട്ടിഫിക്കറ്റുകളും നൽകുന്നതായും അല്ലാത്തവയിൽ ചില ഉദ്ദ്യോഗസ്ഥർ അകാരണമായി കാലതാമസം വരുത്തുന്നതായും നിരവധി ക്രമക്കേടുകൾ നടക്കുന്നുണ്ടെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു. ചില കോർപ്പറേഷനുകളിലെ റവന്യൂ വിഭാഗത്തിന് കീഴിൽ വിതരണം നടത്തുന്ന സ്കോളർഷിപ്പുകളും ക്ഷേമപദ്ധതികളും ചില അനർഹർ കൈപ്പറ്റുന്നതായും കെട്ടിട നികുതി പിരിച്ചെടുക്കുന്നതിൽ അപാകതകൾ ഉള്ളതായും വിജിലൻസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.
കോർപ്പറേഷനുകളിലെ ആരോഗ്യവിഭാഗത്തിനു കീഴിൽ കടകളുടെ ലൈസൻസിനായും മറ്റും സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പലതും തീർപ്പാക്കാതെ മാറ്റി വയ്ക്കുന്നതായും വാണിജ്യ സ്ഥാപനങ്ങൾക്ക് ആവശ്യം വേണ്ടുന്ന പൊലുഷൻ കൺട്രോൾ ബോർഡിന്റെ NOC Certificate കൂടാതെ തന്നെ ലൈസൻസ് പുതിക്കി നൽകുന്നതായും വിജിലൻസിന് ലഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ കോർപ്പറേഷനുകളിലെയും തെരഞ്ഞെടുത്ത സോണൽ ഓഫീസുകളിലെയും മരാമത്ത്/റവന്യൂ/ ആരോഗ്യ വിഭാഗങ്ങളിൽ വിജിലൻസ് സംസ്ഥാന വ്യാപകമായി ഒരേസമയം മിന്നൽ പരിശോധന നടത്തുന്നത്.