ഭാര്യയുടെ സ്‌കൂട്ടറില്‍ യുവാവ് ഒരു സ്ത്രീയുമായി പോകുന്നതു റോഡ് ക്യാമറയില്‍ പതിഞ്ഞതു പൊല്ലാപ്പായി. ക്യാമറയില്‍ പതിഞ്ഞ ചിത്രം മോട്ടര്‍ വാഹന വകുപ്പില്‍ നിന്ന് ആര്‍സി ഓണറായ ഭാര്യയുടെ ഫോണിലേക്കു വന്നതോടെ കുടുംബ കലഹവും മര്‍ദനവും നടന്നു. ഒടുവില്‍ തന്നെയും മൂന്നു വയസ്സുള്ള കുഞ്ഞിനെയും മര്‍ദിച്ചെന്നു കാട്ടി ഭാര്യ നല്‍കിയ പരാതിയില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കരമന പൊലീസ് സ്റ്റേഷന്‍ പരിധിയിലാണു സംഭവം.
പൊലീസ് പറഞ്ഞത്: യുവാവും സ്ത്രീയും സ്‌കൂട്ടറില്‍ ഹെല്‍മറ്റ് ധരിക്കാതെ പോകുന്നത് ക്യാമറയില്‍ പതിയുകയും ഇതിന്റെ പിഴയും ചിത്രവും ആര്‍സി ഓണറുടെ ഫോണിലേക്കു സന്ദേശമായി എത്തുകയും ചെയ്തു. സ്‌കൂട്ടറിനു പിന്നിലിരുന്ന സ്ത്രീ ആരാണെന്നു ചോദിച്ചു ഭാര്യ വഴക്കുണ്ടാക്കി. വഴിയാത്രക്കാരിയാണെന്നും ലിഫ്റ്റ് നല്‍കിയതാണെന്നും യുവാവ് പറഞ്ഞെങ്കിലും പ്രശ്‌നം തീര്‍ന്നില്ല. തര്‍ക്കത്തിനൊടുവില്‍ തന്നെയും കുഞ്ഞിനെയും മര്‍ദിച്ചെന്നു ഭാര്യ പരാതി നല്‍കുകയും ഭര്‍ത്താവിനെ പിടികൂടുകയും ചെയ്തു. ഇടുക്കി സ്വദേശിയായ യുവാവിനെ കോടതിയില്‍ ഹാജരാക്കി.