ലോകത്തെ സാക്ഷിയാക്കി ചാള്‍സ് മൂന്നാമൻ രാജാവ് കിരീടം ചൂടി. അഞ്ച് ഘട്ടമായിട്ടായിരുന്നു കിരീടധാരണ ചടങ്ങുകൾ. കാന്‍റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിൻ വെല്‍ബിയുടെ നേതൃത്വത്തില്‍ വെസ്റ്റ്മിനിസ്റ്റര്‍ ആബിയിലെ കിരീടധാരണ ചടങ്ങ് ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് 3.30 നാണ് ആരംഭിച്ചത്. ഏഴ് പതിറ്റാണ്ടിന് ശേഷമാണ് ബ്രിട്ടനിൽ കിരീടധാരണം നടക്കുന്നത്.
ചരിത്രപരമായ ആഘോഷങ്ങള്‍ക്കും ചടങ്ങുകള്‍ക്കുമാണ് ബക്കിങാം കൊട്ടാരവും വെസ്റ്റ്മിനിസ്റ്റര്‍ ആബെയും സാക്ഷ്യം വഹിച്ചത്.ചടങ്ങില്‍ പങ്കെടുക്കാൻ വിവിധ രാഷ്ട്രത്തലവൻമാര്‍ എത്തിച്ചേർന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷട്രപതി ജഗദീപ് ധൻകറാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇന്ത്യയുടെ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, ഭാര്യ സുദേഷ് ധൻകർ, ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്, ന്യൂസീലൻഡ് പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസ്, യുഎസ് ഗായിക കാറ്റി പെറി തുടങ്ങി നിരവധിപ്പേർ ചടങ്ങിൽ പങ്കെടുത്തു.ചടങ്ങുകള്‍ നടക്കുന്ന വെസ്റ്റ് മിനിസ്റ്റര്‍ ആബിയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. 2000 പേർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരുന്നത്.കഴിഞ്ഞ സെപ്റ്റംബറില്‍ എലിസബത്ത് രാജ്ഞിയുടെ മരണത്തോടെയാണ് മൂത്തമകനായ ചാള്‍സ് മൂന്നാമന്‍ ബ്രിട്ടന്റെ കിരീടാവകാശിയാകുന്നത്.എലിസബത്ത് രാജ്ഞിയുടെ കിരീടധാരണം 1953-ലായിരുന്നു. അതു നേരില്‍ക്കണ്ടവരില്‍ വളരെക്കുറച്ചാളുകളേ ഇന്ന് ബ്രിട്ടനില്‍ ജീവിച്ചിരിക്കുന്നുണ്ടാവൂള്ളൂ.