ഐപിഎൽ; ആദ്യ നാലിലെത്താൻ രാജസ്ഥാനും കൊൽക്കത്തയും ഇന്നിറങ്ങും

ഐപിഎലിൽ സഞ്ജുവിൻ്റെ രാജസ്ഥാന് ഇന്ന് മറ്റൊരു നിർണായക മത്സരം. പ്ലേ ഓഫിലെത്താനുള്ള അവസാന അവസരങ്ങളിൽ ഒന്നാണ് ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയുള്ള പോരാട്ടം. ഈഡൻ ഗാർഡൻസിൽ നടക്കുന്ന മത്സരം രാത്രി 7.30ന് ആരംഭിക്കും. 11 മത്സരങ്ങളിൽ 10 പോയിൻ്റാണ് ഇരു ടീമുകൾക്കും ഉള്ളത്. വിജയിക്കുന്ന ടീം മൂന്നാം സ്ഥാനത്തെത്തും.നല്ലൊരു ടീമുണ്ടായിട്ടും മോശം തീരുമാനങ്ങളെടുക്കുന്ന മാനേജ്മെൻ്റാണ് രാജസ്ഥാൻ്റെ നില പരുങ്ങലിലാക്കിയത്. ഒരു ഗുണവും ലഭിക്കില്ലെന്ന് 100 ശതമാനം ഉറപ്പായിട്ടും റിയൻ പരാഗിനെ വീണ്ടും പരീക്ഷിച്ചതും പവർ പ്ലേയ്ക്ക് പുറത്ത് 10ൽ 9 തവണയും ബാധ്യതയാണെന്ന ബോധമുണ്ടായിട്ടും 3/4 നമ്പറുകളിൽ ദേവ്ദത്ത് പടിക്കലിനെ പരീക്ഷിച്ചതുമടക്കം രാജസ്ഥാനെ പ്രതികൂലമായി ബാധിച്ചു. സഞ്ജുവിൻ്റെ ക്യാപ്റ്റൻസിയും കഴിഞ്ഞ സീസണിലേതുപോലെ കൃത്യമായില്ല. പരുക്ക് ടീമിൻ്റെ പ്രകടനങ്ങളെ ബാധിച്ചെങ്കിലും ഭേദപ്പെട്ട ഇലവൻ ഇപ്പോഴുമുണ്ട്. ടീം കോമ്പിനേഷൻ ശരിയാവുന്നില്ലെന്നതാണ് പ്രശ്നം. അത് പരിഹരിക്കാൻ എന്താണ് ഒരു കളി കൊണ്ട് മാനേജ്മെൻ്റിൻ്റെ തന്ത്രമെന്ന് വ്യക്തമല്ല. പക്ഷേ, പരിഹരിച്ചേ മതിയാവൂ. ട്രെൻ്റ് ബോൾട്ട് തിരികെയെത്തിയാൽ കുൽദീപ് യാദവ് പുറത്തിരിക്കും. ജോ റൂട്ട് ടീമിൽ തുടരും. ഈഡൻ ഗാർഡൻസിലെ സ്പിൻ പിച്ച് പരിഗണിച്ച് മുരുഗൻ അശ്വിനോ ആദം സാമ്പയോ മൂന്നാം സ്പിന്നറാവാൻ ഇടയുണ്ട്. സാമ്പ കളിച്ചാൽ റൂട്ട് പുറത്താവും. എന്നാൽ, സ്പിന്നർമാർക്കെതിരെ തകർപ്പൻ റെക്കോർഡുള്ള റൂട്ടിനെ നിലനിർത്തി മുരുഗൻ അശ്വിനെ പരീക്ഷിക്കാനും ഇടയുണ്ട്.തുടക്കത്തിലെ പ്രശ്നങ്ങൾ പരിഹരിച്ച് കൊൽക്കത്ത ട്രാക്കിലെത്തിയിരിക്കുകയാണ്. തങ്ങളുടെ കരുത്ത് മനസിലാക്കി തന്ത്രങ്ങൾ മെനയാനും റിസൽട്ട് ഉണ്ടാക്കാനും അവർക്ക് കഴിയുന്നു. ആന്ദ്രേ റസൽ ഫോമിലെത്തിയതും റിങ്കു സിംഗിൻ്റെ സ്ഥിരതയും കൊൽക്കത്തയ്ക്ക് കരുത്താണ്. ഗുർബാസ് – റോയ് ഓപ്പണിംഗ് സഖ്യം ക്ലിക്കായാൽ ഏത് എതിരാളിലെയും തകർക്കാൻ ശേഷിയുള്ളതാണ്. പേസ് ഡിപ്പാർട്ട്മെൻ്റ് ദുർബലമാണെങ്കിലും സ്പിൻ ഡിപ്പാർട്ട്മെൻ്റ് അപാര ഫോമിലാണ്. ടീമിൽ മാറ്റമുണ്ടാവാനിടയില്ല. ഇരു ടീമുകളിലെയും സ്പിന്നർമാർ നിയന്ത്രിക്കുന്ന കളിയാവും ഇത്.