വീട്ടമ്മയോട് സന്ധ്യ സമയത്ത് വെള്ളം ചോദിച്ചെത്തി യുവാക്കള്‍; കഴുത്തില്‍ കത്തിവച്ച് മാലയും പണവും കവര്‍ന്നു

തിരുവനന്തപുരം കാരയ്ക്കമണ്ഡപത്ത് സ്ത്രീയുടെ കഴുത്തില്‍ കത്തിവച്ച് കവര്‍ച്ച. രണ്ടു പവന്റെ മലയും അന്‍പതിനായിരം രൂപയും കവര്‍ന്നു.രണ്ടു പേരാണ് കവര്‍ച്ച നടത്തിയത്. വീട്ടില്‍ വെള്ളം ചോദിച്ചെത്തിയവര്‍ വീട്ടമ്മയെ അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു.ഇന്നലെ വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം നടന്നത്. ആ സമയത്ത് വീട്ടുടമ രമ്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പുറത്തെ പൈപ്പില്‍ നിന്ന് വെള്ളമെടുക്കാന്‍ രമ്യ യുവാക്കളോട് പറഞ്ഞു. ഇതിനിടെ കൈയില്‍ ഗ്ലൗസ് ധരിച്ച ശേഷം യുവാക്കള്‍ വീട്ടമ്മയെ തള്ളിയിടുകയും കത്തികാട്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നു.

നേമം പൊലീസ് വീട്ടുടമയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതികളെക്കുറിച്ച് നിലവില്‍ കാര്യമായ സൂചനകള്‍ ലഭിച്ചിട്ടില്ലെന്നാണ് വിവരം. പൊലീസ് കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണ്.