പൊന്മുടിയിൽ നിർമ്മാണം പൂർത്തിയാക്കിയ പുതിയ ത്രീ-ഡി തീയേറ്റർ, കല്ലാറിലെ ഇന്റഗ്രേറ്റഡ് ചെക്ക്പോസ്റ്റ് എന്നിവ വനം വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. സംസ്ഥാന അതിർത്തി പങ്കിടുന്ന മലക്കപ്പാറ പ്രദേശത്ത് ഇന്റഗ്രേറ്റഡ് ചെക്ക്പോസ്റ്റ് പ്രവർത്തനം ആരംഭിച്ചതോടെ വനംവകുപ്പിന്റെ നിരീക്ഷണം ശക്തമാകുന്നതിനും കുറ്റകൃത്യങ്ങൾ തടയുന്നതിനും സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു. വകുപ്പിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും, ജനങ്ങളോടുള്ള ഇടപെടൽ സുതാര്യമാക്കുന്നതിനുമുള്ള പ്രവർത്തികൾ ഊർജിതമായി മുന്നോട്ടുപോകുന്നതായും മന്ത്രി കൂട്ടിച്ചേർത്തു. ജി. സ്റ്റീഫൻ എം.എൽ.എ ചടങ്ങിൽ അധ്യക്ഷനായി.
പൊന്മുടിയിലേയ്ക്കുള്ള പ്രവേശന കവാടമായ വിതുര- പൊന്മുടി റോഡിൽ കല്ലാർ ഗോൾഡൻവാലി ഭാഗത്താണ് ആധുനിക രീതിയിലുള്ള ചെക്ക്പോസ്റ്റ് പ്രവർത്തനം ആരംഭിച്ചത്. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ഇവിടെയെത്തുന്നത്. എന്നാൽ നിലവിലുള്ള ചെക്ക്പോസ്റ്റിന്റെ പരിമിതമായ സൗകര്യങ്ങൾ കാരണം വാഹനപരിശോധന ശ്രമകരമാണ്. എന്നാൽ ഇന്റഗ്രേറ്റഡ് ചെക്ക്പോസ്റ്റ് തുറന്നത്തോടെ വാഹന പരിശോധന കൂടുതൽ സുഗമമാകും.കൂടാതെ സഞ്ചാരികൾക്ക് വനവിഭവങ്ങൾ ലഭ്യമാക്കുന്ന ഇക്കോഷോപ്പ്, ഇൻഫർമേഷൻ സെന്റർ, ജീവനക്കാർക്കുള്ള താമസസൗകര്യം, ശുചിമുറികൾ എന്നിവയും കെട്ടിടത്തിൽ സജ്ജമാക്കിയിട്ടുണ്ട്. നമ്പാർഡിൽ നിന്നും 73,74,000 രൂപയാണ് ചെക്ക്പോസ്റ്റ് നിർമ്മാണത്തിനായി ചെലവഴിച്ചത്.
*പൊന്മുടിയിൽ സഞ്ചാരികൾക്ക് ഇനി ത്രീ-ഡി വിസ്മയകാഴ്ചകളും ആസ്വദിക്കാം*
ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ പൊന്മുടി ഇക്കോ ടൂറിസത്തിലെത്തുന്ന സഞ്ചാരികൾക്ക് ഇനി ത്രീ-ഡി ദൃശ്യനുഭവവും ആസ്വദിക്കാം.
ഒരേ സമയം 40 പേർക്ക് ഇരിക്കാനുള്ള സൗകര്യം ത്രീ-ഡി തിയേറ്ററിലുണ്ട്. പൂർണമായും ശീതീകരിച്ച തിയേറ്ററിൽ 4കെ പ്രൊജക്ടർ, ഹൈ ക്വാളിറ്റി സൗണ്ട് സിസ്റ്റം, ആക്റ്റീവ് ത്രീ-ഡി കണ്ണടകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഇവ ഉപയോഗിച്ചു ത്രീ-ഡി പ്രദർശനം സഞ്ചാരികൾക്ക് വേറിട്ട ദൃശ്യനുഭവം പകരും. ഇരുപത് ലക്ഷം രൂപ ചെലവിലാണ് തീയേറ്റർ നിർമ്മിച്ചത്.