ആസിഡ് ആക്രമണത്തിന് പിന്നില്‍ നീതുവിലുള്ള സംശയം; നഴ്‌സിനെ അക്രമിച്ച ഭര്‍ത്താവുമായി തെളിവെടുപ്പ്

പുനലൂര്‍ താലൂക്ക് ആശുപത്രി ജീവനക്കാരിക്ക് നേരേ ആസിഡ് ആക്രമണം നടത്തിയ പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. കഴിഞ്ഞ ദിവസമാണ് താലൂക്ക് ആശുപത്രിയിലെ നഴ്‌സിംഗ് അസിസ്റ്റന്റ് ചങ്ങനാശേരി സ്വദേശിനി നീതുവിന് നേരെ കണ്ണങ്കോട് സ്വദേശിയായ ഭര്‍ത്താവ് വിപിന്‍ രാജ് ആസിഡ് ഒഴിച്ചത്. മുഖത്ത് 90% പൊള്ളലേറ്റ നീതുവിനെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി

കുടുംബ പ്രശ്‌നങ്ങളാണ് ഭാര്യ നീതുവിനെതിരെ ആസിഡ് ഒഴിക്കാന്‍ പ്രേരിപ്പിച്ചതെന്ന് വിപിന്‍ പോലീസിന് മൊഴി നല്‍കി. സംഭവ ശേഷം ഉപേക്ഷിച്ച ബാക്കി വന്ന ആസിഡും കുപ്പിയും പുനലൂരിലെ സ്വകാര്യ വാഹന പാര്‍ക്കിംഗ് കേന്ദ്രത്തില്‍ നിന്നും പോലീസ് കണ്ടെടുത്തു. വിപിന് ആസിഡ് നല്‍കിയെത് ആരാണെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.

നീതുവിലുള്ള പ്രതിയുടെ സംശയമാണ് ആക്രമണത്തിന് കാരണമെന്ന് പുനലൂര്‍ പോലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അതേസമയം, മുഖത്ത് 90 ശതമാനവും പൊള്ളലേറ്റ നീതുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കണ്ണിന്റെ കാഴ്ചയ്ക്കടക്കം തകരാര്‍ സംഭവിച്ചിട്ടുള്ളതായാണ് വിവരം.

കഴിഞ്ഞദിവസം വൈകീട്ടായിരുന്നു വിപിന്‍ ആശുപത്രിയിലെത്തി നീതുവിന്റെ മുഖത്തേക്ക് ആസിഡ് ഒഴിച്ചത്. വിപിനും നീതുവും ആശുപത്രിയുടെ സമീപം സംസാരിച്ചു നില്‍ക്കുന്നതിനിടെയായിരുന്നു ആക്രമണം. വാക്കേറ്റത്തിനൊടുവില്‍ വിപിന്‍ കയ്യില്‍ കരുതിയിരുന്ന ആസിഡ് എടുത്ത് നീതുവിന്റെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു.

ആക്രമണത്തിനുശേഷം സ്ഥലത്തു നിന്നും നിന്നും ഓടി രക്ഷപ്പെട്ട വിപിന രാത്രിയോടെയാണ് പോലീസ് പിടികൂടിയത്. സി സി ടി വി ക്യാമറ ഇല്ലാത്ത സ്ഥലത്തുവെച്ചായിരുന്നു ആസിഡ് ആക്രമണം. ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ പതിവായിരുന്നെന്നാണ് പോലീസ് പറയുന്നത്.