രാത്രി ഒരു മണിയോടെ ക്ഷേത്രത്തിനുള്ളിൽ നിന്ന് ശബ്ദം'; ഭാരവാഹികളും നാട്ടുകാരും എത്തിയപ്പോൾ കണ്ടത് കവർച്ചാ ശ്രമം

തിരുവനന്തപുരം: വെള്ളറട കാരക്കോണം മുര്യതോട്ടം ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ മോഷണശ്രമം. പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. വെള്ളറട കാരക്കോണം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഇന്ന് പുലർച്ചെ ഒരു മണിക്ക് ആണ് മോഷണ ശ്രമം നടന്നത്. ക്ഷേത്രം കുത്തിത്തുടർന്ന് മോഷണം നടത്തുന്നതിനിടയിൽ പ്രതിയെ നാട്ടുകാർ പിടികൂടി. ക്ഷേത്രത്തിനുള്ളിൽ നിന്ന് ശബ്ദം കേട്ട് സംശയം തോന്നിയ നാട്ടുകാരൻ ക്ഷേത്ര കമ്മിറ്റി അംഗങ്ങളെയും നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു. 

തുടർന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും ക്ഷേത്രത്തിലെത്തിയപ്പോഴേക്കും പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് രണ്ടുപേർ ഓടി രക്ഷപ്പെടുകയും ഒരാളെ നാട്ടുകാർ പിടികൂടുകയും ചെയ്തു. സംഭവം അറിഞ്ഞ് വെള്ളറട പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയിൽ എടുത്തു. പ്രതികൾ നിരവധി ക്ഷേത്രങ്ങളിലെ കവർച്ച കേസിലെ ഉൾപ്പെടുന്നവരാണെന്ന് പൊലീസിന് സംശയമുണ്ട്.