മണിപ്പൂര്‍ വീണ്ടും കത്തുന്നു; പൊലീസ് ഉദ്യോഗസ്ഥന്‍ അടക്കം അഞ്ചുമരണം

മണിപ്പൂരിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരുക്കേറ്റു. കലാപബാധിതമായ മണിപ്പൂരില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് സന്ദര്‍ശനം നടത്താനിരിക്കെയാണ് വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.സംഘര്‍ഷത്തിനിടെ അക്രമികള്‍ ആയുധങ്ങള്‍ ഉപയോഗിച്ച് ഏറ്റുമുട്ടി. സംഗുരു, സെരോയു മേഖലകളില്‍ നിരവധി വീടുകള്‍ക്കും കടകള്‍ക്കും അക്രമികള്‍ തീയിട്ടു. മെയ്തി വിഭാഗക്കാര്‍ക്ക് പട്ടിക വര്‍ഗ പദവി നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് മണിപ്പൂരില്‍ സംഘര്‍ഷം ഉടലെടുത്തത്.

മെയ്തി- കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം പിന്നീട് കലാപമായി മാറുകയായിരുന്നു. കഴിഞ്ഞമാസം ഉണ്ടായ കലാപത്തില്‍ 80 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നിരവധി വീടുകളും വാഹനങ്ങളും കച്ചവടസ്ഥാപനങ്ങളും അഗ്നിക്കിരയായി. സംഘര്‍ഷബാധിതമേഖലകളില്‍ കൂടുതല്‍ പൊലീസിനെയും സൈന്യത്തെയും വിന്യസിച്ചിട്ടുണ്ട്.

വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം ഈ മാസം 31 വരെ സര്‍ക്കാര്‍ നീട്ടി. ഇംഫാല്‍ ഈസ്റ്റ്, വെസ്റ്റ് ജില്ലകളില്‍ കര്‍ഫ്യൂവില്‍ 11 മണിക്കൂര്‍ ഇളവു നല്‍കാനുള്ള തീരുമാനം ആറു മണിക്കൂറാക്കി ചുരുക്കി.