തിരുവനന്തപുരം: ചക്കയുടെ പേരില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ തമ്മില്‍ തല്ല്. ആരോഗ്യവകുപ്പിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തമ്മിലാണ് വാക്ക് തര്‍ക്കവും കയ്യാങ്കളിയും ഉണ്ടായിരിക്കുന്നത്.
സംസ്ഥാന ആരോഗ്യ കുടുംബപരിശീലന ക്ഷേമകേന്ദ്രത്തിന്റെ വളപ്പില്‍ നിന്ന പ്ലാവിലെ ചക്ക കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനിലെ ജീവനക്കാര്‍ അടര്‍ത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത് തന്നെ.
ചക്ക അടര്‍ത്തത് ചോദ്യം ചെയ്ത പരിശീലന കേന്ദ്രത്തിലെ ജീവനക്കാരനെ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനിലെ ജീവനക്കാര്‍ മര്‍ദ്ദിക്കുകയായിരുന്നു. ഇതോടെ ഇതോടെ ആരോഗ്യ കുടുംബപരിശീലന ക്ഷേമകേന്ദ്രത്തിലെ ജീവനക്കാര്‍ പരാതിയുമായി തമ്പാനൂർ പോലീസിനെ സമീപിക്കുകയായിരുന്നു.ചക്ക പറിക്കാനുള്ള കരാര്‍ ആരോഗ്യപരിശീലന കേന്ദ്രം ഒരു വര്‍ഷത്തേക്ക് സ്വകാര്യ വ്യക്തിക്ക് നല്‍കിയിരുന്നു. 5,500 രൂപയ്‌ക്കായിരുന്നു കാരാര്‍ സ്വകാര്യ വ്യക്തിക്ക് നല്‍കിയിരുന്നത്.പറമ്പിലെ തേങ്ങ, ചക്ക, മാങ്ങ, പുളി എന്നിവയ്‌ക്കും ചേര്‍ത്തായിരുന്നു കരാര്‍ നല്‍കിയിരുന്നത്.
സംഭവം നടന്ന ദിവസം കരാറുകാരന്‍ ചക്ക പറിക്കാന്‍ എത്തിയപ്പോള്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനിലെ ജീവനക്കാര്‍ മറ്റൊരു തൊഴിലാളിയെ കൊണ്ടു ചക്ക അടര്‍ത്തുന്നതായി കാണുകയായിരുന്നു.പിന്നാലെ വിഷയത്തില്‍ ഇടപെട്ട പരിശീലന കേന്ദ്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനെ ജീവനക്കാര്‍ മര്‍ദ്ദിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ കേസ് ഒതുക്കി തീര്‍ക്കാനാണ് ആരോഗ്യവകുപ്പ് അധികൃതരുടെ നീക്കമെന്നറിയുന്നു.