തിരുവനന്തപുരത്ത് പൊലീസ് നെട്ടോട്ടമോടിയ സഹോദരിമാരുടെ 'മിസ്സിംഗ്', ഒടുവിൽ രണ്ടാനച്ഛന്‍റെ വീട്ടിൽ ആശ്വാസം

തിരുവനന്തപുരം: പൊലീസിനെ നെട്ടോട്ടമോടിച്ച് പ്രായപൂർത്തിയാകാത്ത സഹോദരിമാരുടെ 'മിസ്സിംഗ്'. രാത്രിയോടെ രണ്ടാനച്ഛന്‍റെ വീട്ടിൽ എത്തിയ കുട്ടികൾ സുരക്ഷിതരാണെന്ന വിവരം ലഭിച്ചതോടെയാണ് കാഞ്ഞിരംകുളം പൊലീസിന് ആശ്വാസമായത്. പതിനാറും, പതിനാലും വയസുള്ള പെൺകുട്ടികളെ തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയാണ് കാഞ്ഞിരംകുളത്തെ ബന്ധുവീട്ടിൽ നിന്ന് കാണാതായത്. കുട്ടികളെ മയക്കുമരുന്ന് സംഘം കടത്തിക്കൊണ്ടു പോയെന്നതടക്കമുള്ള കിംവദന്തികളും ഇതിന് പിന്നാലെ ഉണ്ടായി. ഇതോടെ പൊലീസിന് ഉണ്ടായത് ചില്ലറ തലവേദനയല്ല.ഉന്നത ഉദ്യോഗസ്ഥരുടെ വിളികളും സ്റ്റേഷനിൽ എത്തിയതോടെ പ്രത്യേക സംഘം രൂപികരിച്ച് നാടെങ്ങും അരിച്ച് പെറുക്കുന്നതിനിടയിലാണ് കുട്ടികൾ സുരക്ഷിതരാണെന്ന വിവരം പൊലീസിന് ലഭിച്ചത്. വർഷങ്ങൾക്ക് മുൻപ് ഒരു ടിപ്പർ ലോറി അപകടത്തിൽ കുട്ടികളുടെ പിതാവ് മരണപ്പെട്ടിരുന്നു. അതിന് ശേഷം മാതാവ് മറ്റൊരു വിവാഹം കഴിക്കുകയും വിദേശത്തേക്ക് ജോലി തേടി പോകുകയും ചെയ്തതോടെ കുട്ടികൾ ഒറ്റപ്പെട്ടു. പിന്നീട് അമ്മയുടെ അകന്ന ബന്ധുവിന്‍റെ സംരക്ഷണയിൽ ആയിരുന്ന മുതിർന്ന കുട്ടിയെ സർക്കാരിന്‍റെ മേൽ നോട്ടത്തിലുള്ള റസ്ക്യൂ ഹോമായ കാഞ്ഞിരംകുളത്തെ കളിവീട് എന്ന സ്ഥാപനത്തിൽ നിർത്തിയെങ്കിലും മാസങ്ങൾക്ക് മുൻപ് അവിടെ നിന്ന് ചാടിപ്പോയിരുന്നു. ഇതും പൊലീസിന് തലവേദനയായിരുന്നു. തുടർന്ന് മറ്റൊരു സംരക്ഷണ കേന്ദ്രത്തിലായിരുന്ന കുട്ടി അവിടെ നിന്ന് കാഞ്ഞിരംകുളത്തെ ബന്ധു വീട്ടിൽ തിരിച്ചെത്തി താമസിക്കുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം ഇളയ കുട്ടിയോടൊപ്പം കാണാതായത്.കാഞ്ഞിരംകുളത്തെ ബന്ധുവീട്ടിൽ നിന്ന് ഇറങ്ങിയ കുട്ടികൾ തലസ്ഥാനത്ത് എത്തി അവിടെ നിന്ന് ബസിൽ പോത്തൻ കോടുള്ള രണ്ടാനച്ഛന്‍റെ വീട്ടിൽ രാത്രി എട്ട് മണിയോടെ എത്തിയെന്ന സന്ദേശം ലഭിച്ചതോടെയാണ് പൊലീസിന്‍റെ നെട്ടോട്ടത്തിന് അറുതിയായത്. തുടർന്ന് രാത്രിയിൽ തന്നെ കാഞ്ഞിരംകുളം സ്റ്റേഷനിൽ എത്തിച്ച കുട്ടികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഒറ്റപ്പെടലാണ് കുട്ടികളുടെ ഇത്തരം പ്രവൃത്തിക്ക് വഴിതെളിച്ചതെന്നും കുട്ടികളുടെ സംരക്ഷണം രണ്ടാനച്ഛൻ ഏറ്റെടുത്തതായും കാഞ്ഞിരംകുളം സി ഐ അജിചന്ദ്രൻ നായർ പറഞ്ഞു.