കേരള സ്റ്റോറി സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ കേരളത്തില്‍ ഒരു പള്ളിക്കമ്മിറ്റി നടത്തിയ ഹിന്ദു വിവാഹത്തിന്റെ വിഡിയോ പങ്കുവച്ച് സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാന്‍. ഇത് കേരള സ്റ്റോറി എന്ന ക്യാപ്ഷനോടെ കോമ്രേഡ് ഫ്രം കേരള എന്ന ഹാന്‍ഡിലില്‍ വന്ന വിഡിയോയാണ് എ ആര്‍ റഹ്‌മാന്‍ ട്വിറ്ററില്‍ പങ്കുവച്ചത്. മനുഷ്യരോടുള്ള സ്‌നേഹം ഉപാധികളില്ലാത്തതാണെന്ന് വിഡിയോ പങ്കുവച്ചുകൊണ്ട് എ ആര്‍ റഹ്‌മാന്‍ ട്വിറ്ററില്‍ കുറിച്ചു. ചേരാവള്ളി ജുമാമസ്ജിദില്‍ ഹിന്ദു ആചാരപ്രകാരം പള്ളിക്കമ്മിറ്റി നടത്തിയ വിവാഹത്തിന്റെ വിഡിയോയാണ് റഹ്‌മാന്‍ പങ്കുവച്ചിരിക്കുന്നത്. 2020ലാണ് പള്ളിമുറ്റത്ത് അഞ്ജു, ശരത്ത് എന്നിവരുടെ വിവാഹം നടന്നത്. സംഭവം അന്ന് തന്നെ വലിയ രീതിയില്‍ മാധ്യമശ്രദ്ധ നേടിയിരുന്നു.കേരളത്തില്‍ നിന്നും നിരവധി പെണ്‍കുട്ടികളെ വലയില്‍പ്പെടുത്തി മുസ്ലീം മതത്തിലേക്ക് ചേര്‍ക്കുന്നുവെന്നും ഇവരെ തീവ്രവാദ ഗ്രൂപ്പുകളിലും മറ്റും ഉള്‍പ്പെടുത്തുന്നുവെന്നും സൂചിപ്പിച്ചാണ് ദി കേരള സ്റ്റോറി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നത്. കേരളത്തിന്റെ യാഥാര്‍ത്ഥ്യമാണിതെന്ന് സൂചിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയിലറിനെതിരെ എല്‍ഡിഎഫും യുഡിഎഫും ഒരുപോലെ വിമര്‍ശനം ഉന്നയിച്ചിരുന്നു. നാളെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ചേരാവള്ളി പള്ളിക്കമ്മിറ്റി നടത്തിയ വിവാഹം വീണ്ടും സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.