ഇന്ത്യയിലെ ഏറ്റവും വലിയ കടൽ പാലമായ മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് ഉടൻ തുറക്കും.

ഇന്ത്യയിലെ ഏറ്റവും വലിയ കടൽ പാലമായ മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് ഉടൻ തുറക്കും. പാലം തുറക്കുന്നതോടെ സെൻട്രൽ മുംബൈ സെവ്രിയിൽ നിന്നും നവി മുംബൈയിലെ ചിർലെയിലേക്ക് 20 മിനിറ്റിനുള്ളിൽ എത്തിച്ചേരാൻ സാധിക്കും. നിലവിൽ, മുംബൈയിൽ വെച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും പാലം തുറക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതി അവലോകനം നടത്തിയിട്ടുണ്ട്.

18,000 കോടി രൂപ ചെലവിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്. 22 കിലോമീറ്റർ നീളവും, 301.01 മീറ്റർ വീതിയുമാണ് പാലത്തിന് ഉള്ളത്. മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗത്തിൽ പാലത്തിലൂടെ സഞ്ചരിക്കാൻ സാധിക്കും. പാലം തുറക്കുന്നതോടെ ഗോവ, പൂനെ, നാഗ്പൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്നതാണ്. ജപ്പാൻ ഇന്റർനാഷണൽ കോർപ്പറേഷൻ ഏജൻസിയുടെ സാമ്പത്തിക സഹായത്തോടെയാണ് പാലത്തിന്റെ നിർമ്മാണ പ്രവൃത്തി പൂർത്തീകരിച്ചത്.

ഗതാഗതക്കുരുക്ക് ലഘൂകരിക്കുക, സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുന്നതിന് മുംബൈയെ നവി മുംബൈയുമായി ബന്ധിപ്പിക്കുക എന്നതാണ് പാലത്തിന്റെ നിർമ്മാണത്തിലൂടെ ലക്ഷ്യമിടുന്നത്. 2018 ഏപ്രിലിലാണ് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. റീജ ഡെവലപ്മെന്റ് അതോറിറ്റിക്കായിരുന്നു നിർമ്മാണ ചുമതല.