സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിന്ന യുവതിയുടെ നാലുപവന്റെ സ്വർണമാല ബൈക്കിലെത്തിയ രണ്ടുപേർ പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞതായി പരാതി.

വർക്കല കരുനിലക്കോട് സ്വദേശിനി റീജു ഗിരീഷിന്റെ താലിമാലയാണ് കവർന്നത്. ഞായറാഴ്ച രാത്രി 8.45-ഓടെ വർക്കല തിരുവമ്പാടി ബ്ലാക്ക് ബീച്ച് റോഡിലാണ് സംഭവം. ഇതിനു സമീപം രാജാസ് സ്റ്റോർ എന്ന സ്ഥാപനം നടത്തുന്ന റിജു രാത്രി കടയടച്ച് വീട്ടിലേക്കു പോകുമ്പോഴായിരുന്നു സംഭവം.

എതിർദിശയിൽ വന്ന യുവാക്കൾ യുവതിയെക്കണ്ട് പിന്നാലെയെത്തിയാണ് മാല പൊട്ടിച്ചത്. ബൈക്കിനു പിന്നിലിരുന്നയാളാണ് മാല പൊട്ടിച്ചത്. യുവതിയുടെ കഴുത്തിനു മുറിവേറ്റിട്ടുമുണ്ട്. യുവതി ബഹളംവയ്ക്കുന്നതു കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും അക്രമികൾ കടന്നുകളഞ്ഞു.

നാട്ടുകാരിൽ ചിലർ ബൈക്കിനെ പിന്തുടർന്നെങ്കിലും കണ്ടെത്താനായില്ല. വർക്കല പോലീസ് സ്ഥലത്തെത്തി പ്രദേശത്ത് തിരച്ചിൽ നടത്തി. പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാക്കളെ പിടികൂടാൻ ശ്രമിക്കുമെന്ന് വർക്കല പോലീസ് അറിയിച്ചു.