കാസർഗോഡ് : കാസര്‍കോട്ടെ സൗത്ത് തൃക്കരിപ്പൂരില്‍ ഗാനമേളയ്ക്കായി സമാഹരിച്ച പണവുമായി സംഘാടകര്‍ മുങ്ങിയതായി പരാതി. എന്നാല്‍ ഗാനമേള ആസ്വദിക്കാന്‍ എത്തിയ ആളുകളെ കലാകാരന്മാര്‍ നിരാശപ്പെടുത്താതെ പരിപാടി അവതരിപ്പിച്ചു.
ഗാനമേളയ്ക്ക് 50 ഓളം കലാകാരന്മാരായിരുന്നു എത്തിയത്, എന്നാല്‍ എത്തി ഏറെ നേരമായിട്ടും സംഘാടകര്‍ എത്തിയില്ല, സമയം കഴിഞ്ഞിട്ടും ഇവര്‍ എത്താതായതോടെ ആണ് ഇവര്‍ പറ്റിച്ചെന്ന് എല്ലാവര്‍ക്കും മനസ്സിലായത്. എന്നാല്‍ ഗാനമേളയ്ക്കെത്തിയ ജനങ്ങളെ നിരാശപ്പെടുത്താന്‍ കലാകാരന്മാര്‍ക്ക് തോന്നിയില്ല, കാണികള്‍ക്ക് മുന്നില്‍ ഇവര്‍ ഗാനമേള അവതരിപ്പിക്കുകയായിരുന്നു ചെയ്തത്.
പരിപാടി ബുക്ക് ചെയ്ത് പണം പിരിച്ചെടുത്ത രണ്ടംഗ സംഘം മുങ്ങിയതായും പക്ഷേ ആസ്വാദകരെ മാനിച്ച് പരിപാടി അവതരിപ്പിക്കുകയാണെന്നും അറിയിച്ച ശേഷം കണ്ണൂര്‍ ഷെറീഫ്, കൊല്ലം ഷാഫി, രഹന എന്നിവരടങ്ങിയ ഗായകരും കലാകാരന്‍മാരും പരിപാടി അവതരിപ്പിച്ചു. പരിപാടി ആരംഭിക്കുന്നതിനു മുന്‍പ് രാത്രി 8നും വേദിയുടെ അരികില്‍ നിന്നു പണം പിരിച്ച ശേഷം പെട്ടെന്നാണ് രണ്ടംഗ സംഘത്തെ കാണാതായതെന്നാണ് അറിയാൻ കഴിഞ്ഞത്.
ഇരിട്ടി മേഖലയില്‍ നിന്നുള്ളവരാണ് എല്ലാവരേയും പറ്റിച്ച് കടന്നുകളഞ്ഞ സംഘാംഗങ്ങളെന്നാണ് പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇവര്‍ക്കെതിരെ ചന്തേര, പയ്യന്നൂര്‍,പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.ഓണ്‍ലൈനിലൂടെ അഡ്വാന്‍സ് ബുക്ക് ചെയ്ത മുഴുവന്‍ തുകയുമായാണ് ഇവര്‍ മുങ്ങിയത്. 2 ലക്ഷത്തോളം രൂപ നല്‍കാനുള്ള ലൈറ്റ് ആന്‍ഡ് സൗണ്ടിന് അമ്പതിനായിരം രൂപയുടെ ചെക്കാണ് നൽകിയിരിക്കുന്നത് തന്നെ.