മോഷണത്തിനിടെ ഉണര്‍ന്ന വീട്ടുകാരെ വെല്ലുവിളിച്ചും ഭീഷണിപ്പെടുത്തിയും കടന്ന് കളഞ്ഞ കള്ളനെ പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി. കാഞ്ഞിരംകുളം പുതിയതുറ കറുത്താന്‍ വിളവീട്ടില്‍ വിജിന്‍ (22) നെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെ വിഴിഞ്ഞം പഴയ പള്ളിക്ക് സമീപം പള്ളിത്തെരുവ് വീട്ടില്‍ ജയയുടെ വീട്ടില്‍ കയറിയ വിജിന്‍ ഇവിടെ നിന്ന് രണ്ട് മൊബൈല്‍ ഫോണുകളാണ് കവര്‍ന്നത്. സമീപത്തെ കടയുടെ ജനല്‍ വഴി വീടിനുള്ളിലേക്ക് കടന്ന് ജയയുടെയും മകളുടെയും മൊബൈലുകളാണ് കവര്‍ന്നത്.
ഇവര്‍ ഉണര്‍ന്ന് ബഹളം വെച്ചപ്പാള്‍ വീടിന്റ പിറകുവശത്തെ അടുക്കള വാതില്‍ തുറന്ന് ഭീഷണിയും വെല്ലുവിളിയും നടത്തിയ ശേഷം രക്ഷപ്പെട്ടു. തുടര്‍ന്ന് പുലര്‍ച്ചെ രണ്ടര യോടെ ചൊവ്വര സ്വദേശി സരിതയുടെ വാടക വീട്ടിലും കയറി മക്കളോടൊപ്പം ഉറങ്ങുകയായിരുന്ന സരിതയുടെ ഫോണും കവര്‍ന്നു. ആള്‍ രൂപം കണ്ട് വീട്ടുകാര്‍ ഉണര്‍ന്ന് ബഹളമുണ്ടാക്കി. സമാനമായി ഭീഷണി നടത്തിയാണ് പ്രതി രക്ഷപ്പെട്ടത്.
വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണമാരംഭിച്ച പോലീസ് മൊബൈല്‍ ടവര്‍ലൊക്കേഷന്‍ പരിശോധിച്ച് നടത്തിയ അന്വേഷണ ത്തില്‍ കാഞ്ഞിരംകുളം ലൂര്‍ദ്ദ്പുരമെന്ന് കണ്ടതോടെ പ്രതിയെത്തേടി പോലീസ് സംഘം അങ്ങോട്ട് തിരിച്ചു. ഈ സമയം കവര്‍ന്ന ഫോണുകള്‍ വില്ക്കാനായി ഇറങ്ങിയ പ്രതിയെ വഴിയില്‍ വച്ച് പിടികൂടുകയായിരുന്നു.