മറുപടി ബാറ്റിംഗില്‍ യശസ്വി ജയ്‌സ്വാളും ജോസ് ബട്‌ലറും സഞ്ജു സാംസണും അടങ്ങുന്ന രാജസ്ഥാന്‍ റോയല്‍സ് മുന്‍നിര ഉത്തരവാദിത്തം കാട്ടാതിരുന്നപ്പോള്‍ ടീം 112 റണ്‍സിന്‍റെ കൂറ്റന്‍ തോല്‍വി നേരിട്ടു. ജയ്‌സ്വാളും ബട്‌ലറും അക്കൗണ്ട് തുറക്കാതെ രണ്ട് വീതം ബോളുകളില്‍ ഡക്കായപ്പോള്‍ സഞ്ജു സാംസണ് 5 പന്തില്‍ 4 റണ്‍സേ നേടാനായുള്ളൂ. ജോ റൂട്ട് 15 പന്തില്‍ 10 റണ്‍സെടുത്ത് മടങ്ങി. 19 പന്തില്‍ 35 റണ്‍സ് നേടിയ ഷിമ്രോന്‍ ഹെറ്റ്‌മെയര്‍ മാത്രമാണ് പൊരുതിയത്. ദേവ്‌ദത്ത് പടിക്കല്‍(4), ധ്രുവ് ജൂരെല്‍(1), രവിചന്ദ്രന്‍ അശ്വിന്‍(0), ആദം സാംപ(2), കെ എം ആസിഫ്(0), സന്ദീപ് ശര്‍മ്മ(0*) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്കോര്‍. ആര്‍സിബിക്കായി വെയ്‌ന്‍ പാര്‍നല്‍ 10 റണ്‍സിന് മൂന്നും മൈക്കല്‍ ബ്രേസ്‌വെല്‍ 16 റണ്ണിനും കരണ്‍ ശര്‍മ്മ 19നും രണ്ട് വീതവും വിക്കറ്റ് നേടി. മുഹമ്മദ് സിറാജ് ഒരാളെ മടക്കി. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 20 ഓവറില്‍ 5 വിക്കറ്റിന് 171 റണ്‍സ് നേടിയിരുന്നു. അര്‍ധ സെഞ്ചുറികള്‍ നേടിയ ഫാഫ് ഡുപ്ലസിസ്(44 പന്തില്‍ 55), ഗ്ലെന്‍ മാക്‌സ്‌വെല്‍(33 പന്തില്‍ 54) എന്നിവര്‍ക്കൊപ്പം അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച അനൂജ് റാവത്താണ്(11 പന്തില്‍ 29*) ആര്‍സിബിക്ക് മോശമല്ലാത്ത സ്കോര്‍ ഉറപ്പിച്ചത്. വിരാട് കോലി 19 പന്തില്‍ 18 എടുത്ത് മടങ്ങി. രാജസ്ഥാന്‍ റോയല്‍സിനായി ആദം സാംപയും കെ എം ആസിഫും രണ്ട് വീതവും സന്ദീപ് ശര്‍മ്മ ഒരു വിക്കറ്റും നേടി.