*വിവാഹം വാഗ്ദാനം നൽകി പണം തട്ടി; 'അശ്വതി അച്ചു' അറസ്റ്റിൽ*

തിരുവനന്തപുരം: വിവാഹവാഗ്ദാനം നൽകി പണം തട്ടിയ സ്ത്രീ അറസ്റ്റിൽ. ഹണിട്രാപ്പ് ഉൾപ്പെടെ നിരവധി കേസിൽ ഉൾപ്പെട്ട അശ്വതി അച്ചുവാണ് പൊലീസിന്‍റെ പിടിയിലായത്. പൂവാർ സ്വദേശിയായ 68കാരനിൽ നിന്നാണ് ഇവർ പണം തട്ടിയെടുത്തത്. 

വിവാഹ വാഗ്ദാനം നല്‍കി പലപ്പോഴായി 40,000 രൂപയാണ് പ്രതി തട്ടിയെടുത്തത്. പൂവാര്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്. ഈ പരാതിയില്‍ പൊലീസ് ഇവരെ നേരത്തെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ പണം കടമായി വാങ്ങിയതാണെന്നും തിരികെ നല്‍കാം എന്നുമായിരുന്നു ഇവര്‍ പൊലീസിനെ അറിയിച്ചത്. എന്നാല്‍ ഇവര്‍ പറഞ്ഞ കാലാവധി അവസാനിച്ചതോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

നിരവധി പൊലീസുദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും ഹണിട്രാപ്പിൽ കുടുക്കിയെന്ന ആരോപണം ഇവർക്കെതിരെ നേരത്തെ ഉയര്‍ന്നിരുന്നു. ചില പൊലീസ് ഓഫീസര്‍ പരാതിയുമായി മുന്നോട് വന്നിരുന്നുവെങ്കിലും അന്വേഷണവുമായി സഹകരിക്കാതിരുന്നതിനാല്‍ തുടര്‍നടപടികള്‍ ഉണ്ടായില്ല. പിടിയിലാകുന്നത് ഇത് ആദ്യമായാണ്.