ഇനി കാത്തിരിപ്പില്ല; അര്‍ഹരുടെ കരങ്ങളില്‍ മുന്‍ഗണന കാർഡുകൾ എത്തി

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പള്ളിപ്പുറം സ്വദേശി ഷൈലയുടെ ഭര്‍ത്താവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുന്നത്. പതിനൊന്നും പതിനാറും വയസുള്ള പെണ്മക്കള്‍ക്ക് ഇന്ന് ഏക ആശ്രയം അമ്മ മാത്രമാണ്. മറ്റ് വരുമാന മാര്‍ഗങ്ങള്‍ ഒന്നുമില്ല. ഭര്‍ത്താവ് വിദേശത്തായിരുന്നതിനാല്‍ പൊതുവിഭാഗം റേഷന്‍ കാര്‍ഡായിരുന്നു ഇവരുടെ കുടുംബത്തിന്. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന കുടുംബത്തിന്റെ ഏറെ നാളത്തെ ആവശ്യമായിരുന്നു തങ്ങളെ മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നത്. ഷൈലയുടെ പരാതി പരിഗണിച്ച് ഒരു മാസത്തിനുള്ളില്‍ കുടുംബത്തിന് മുന്‍ഗണന കാര്‍ഡ് അനുവദിച്ചു. തിരുവനന്തപുരം താലൂക്ക് അദാലത്ത് വേദിയില്‍ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍ അനിലിന്റെ കയ്യില്‍ നിന്ന് കാര്‍ഡ് കൈപ്പറ്റിയ ഷൈലയുടെ കണ്ണില്‍ മക്കളുടെ മുഖമാണ് തെളിഞ്ഞത്. കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും മറ്റ് ആനുകൂല്യങ്ങള്‍ ലഭിക്കാനും ഇനി തടസ്സങ്ങളില്ല.

ഭിന്നശേഷിക്കാരാനായ ഭര്‍ത്താവും വിദ്യാര്‍ത്ഥികളായ രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തെ, മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായാണ് പോത്തന്‍കോട് സ്വദേശി ക്രിസ്റ്റി അദാലത്ത് വേദിയിലെത്തിയത്. ഏകവരുമാന മാര്‍ഗമായി ഒരു പെട്ടിക്കട മാത്രമാണുള്ളത്. കുടുംബത്തിന് വരുമാന സര്‍ട്ടിഫിക്കറ്റിലെ പിഴവ് കാരണം പൊതുവിഭാഗം റേഷന്‍ കാര്‍ഡായിരുന്നു മുന്‍പ് ലഭിച്ചത്. മക്കളുടെ വിദ്യാഭ്യാസ ചെലവും, രോഗിയായ ഭര്‍ത്താവിന്റെ ചികിത്സ ആവശ്യങ്ങള്‍ക്കുമായി ബുദ്ധിമുട്ടുന്ന ക്രിസ്റ്റിയുടെ പരാതി അടിയന്തര പ്രാധാന്യത്തോടെ പരിഗണിച്ച്, മുന്‍ഗണന വിഭാഗത്തിലേക്ക് റേഷന്‍ കാര്‍ഡ് മാറ്റി.

 സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയില്‍ ജീവിക്കുന്ന കുടുംബമാണ് പെരിങ്ങമലയിലെ ലീലയുടേത്. ഭര്‍ത്താവ് അനില്‍കുമാറിന്റെ ഐസ് കച്ചവടം മാത്രമായിരുന്നു ഏക ഉപജീവനമാര്‍ഗം. 2020 ല്‍ അനിലിന് തൊണ്ടയില്‍ ഗുരുതര രോഗം ബാധിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായി. ജോലി ചെയ്യാന്‍ സാധിക്കാതായതോടെ വരുമാനവും നിലച്ചു. എപിഎല്‍ കാര്‍ഡ് ഉടമകള്‍ ആയതിനാല്‍ ആശുപത്രി ചെലവുകള്‍ അധിക ബാധ്യതയായി. ആകെ അഞ്ചു സെന്റ് സ്ഥലം മാത്രമാണ് ഇവര്‍ക്ക് കൈവശമായുള്ളത്. നിത്യവൃത്തിക്കായി രോഗിയായ അനില്‍ ലോട്ടറി കച്ചവടം നടത്തുകയാണ്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം മുടങ്ങിയ ഭര്‍ത്താവിന്റെ തുടര്‍ ചികിത്സ തുടരാന്‍ സാധിക്കുന്നതിന്റെ സന്തോഷത്തിലാണ് ലീലയും അദാലത്ത് വേദിയില്‍ നിന്നും മടങ്ങിയത്.