തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്ലസ് ടു വിദ്യാ‍ർത്ഥിനി മരിച്ചു, ചികിൽസാ പിഴവെന്ന് ആരോപിച്ച് ബന്ധുക്കൾ

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസാ പിഴവുകാരണം പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചതായി പരാതി. ആറ്റിങ്ങൽ പിരപ്പൻകോട്ടുകോണം സ്വദേശി മീനാക്ഷി (18) ആണ് മരിച്ചത്. ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് പോകും വഴി ദേഹാസ്വാസ്ഥ്യമുണ്ടായി. മെഡിക്കൽ കോളേജിൽ വച്ച് ഇന്നലെ വൈകീട്ട് നാലരയ്ക്കായിരുന്നു മീനാക്ഷി മരിച്ചത്. മുക്കുപണ്ട കമ്മലിൽ നിന്ന് അലർജി ബാധിച്ച് ചികിൽസയിലായിരുന്നു മീനാക്ഷി.

ഈ മാസം 17 മുതൽ 27 വരെ ചികിൽസയിലായിരുന്ന മീനാക്ഷി, ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് പോകും വഴി ഉള്ളൂരിൽ വച്ച് ഛർദ്ദിച്ചു. വീണ്ടും ആശുപത്രിയിലേക്ക് തിരിച്ചുകൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഹൃദയാ​ഘാതം മൂലമാണ് മീനാക്ഷി മരിച്ചതെന്നാണ് ആശുപത്രി അധികൃത‍ർ പറയുന്നതെന്നും ബന്ധുക്കൾ പറഞ്ഞു. ആറ്റിങ്ങൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്മോർട്ടം നടപടികൾ പൂ‍ർത്തിയായി.