ബെംഗളൂരു: 2024 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നാഴികക്കല്ലായ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഫലം ഇന്നറിയാം. വോട്ടെണ്ണിത്തുടങ്ങി ആദ്യ രണ്ട് മണിക്കൂറിനുള്ളിൽത്തന്നെ കന്നഡക്കാറ്റ് എങ്ങോട്ടെന്നതിന്‍റെ വ്യക്തമായ സൂചനകൾ വരും. ബെംഗളുരു നഗരമേഖല, മൈസുരു, മംഗളുരു, ഹുബ്ബള്ളി അങ്ങനെ നഗരമേഖലകളിലെ ഫലം പെട്ടെന്ന് വരും. പക്ഷേ, ബീദർ അടക്കമുള്ള, ഗ്രാമീണ മേഖലകൾ ധാരാളമുള്ള ജില്ലകളിലെ ഫലം വരാൻ വൈകും. പ്രാഥമിക ഫലസൂചനകൾ എട്ടരയോടെത്തന്നെ അറിയാം. ഒമ്പതരയോടെ അടുത്ത അഞ്ച് വർഷം കർണാടക ആര് ഭരിക്കുമെന്നതിന്‍റെ ചിത്രം തെളിയും. തൂക്ക് നിയമസഭ വരികയാണെങ്കിൽ പിന്നെയും ഫലം മാറി മറിയാം. വെള്ളിയാഴ്ച രാത്രിയോടെത്തന്നെ കർണാടകത്തിൽ രാഷ്ട്രീയ ചരടുവലികളും ചർച്ചകളും തുടങ്ങിക്കഴിഞ്ഞു.40 വർഷത്തെ പതിവ് തെറ്റിച്ച് കർണാടക ഇത്തവണ ബിജെപിക്ക് ഭരണത്തുടർച്ച സമ്മാനിക്കുമോ? കർണാടക നൽകുന്ന വിജയത്തിന്‍റെ ഊന്നുവടിയേന്തിയാകുമോ കോൺഗ്രസ് 2024-ലേക്ക് നടക്കുക? ഇതിനെല്ലാമപ്പുറം തൂക്ക് മന്ത്രിസഭ വന്നാൽ കുമാരസ്വാമി കിംഗ് മേക്കറല്ല, കിംഗ് തന്നെ ആകുമോ? അതോ, പാർട്ടികളിൽ നിന്ന് എംഎൽഎമാരെ മറുകണ്ടം ചാടിച്ച്, ഓപ്പറേഷൻ താമരയടക്കമുള്ള തെരഞ്ഞെടുപ്പ് അട്ടിമറികളുടെ കാലമാണോ വരാനിരിക്കുന്നത്? തുടങ്ങിയ നിരവധി ചോദ്യങ്ങൾക്കുത്തരമായിരിക്കും ലഭിക്കുക.