സംസ്ഥാന സർക്കാരിന്റെ രണ്ടാംവാർഷികത്തിനും പ്രതിപക്ഷ വിമർശനങ്ങൾക്കുമിടെ തദ്ദേശ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഇന്ന്. രണ്ടു കോർപറേഷൻ വാർഡുകൾ അടക്കം സംസ്ഥാനത്തെ ഒൻപതു ജില്ലകളിലെ 19 തദ്ദേശ വാർഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ്. വോട്ടെടുപ്പ് രാവിലെ ഏഴുമുതൽ വൈകിട്ട് ആറു വരെ നടക്കും.നാളെ രാവിലെ പത്തു മുതലാണ് വോട്ടെണ്ണൽ. തിരുവനന്തപുരം മുട്ടട, കണ്ണൂരിലെ പള്ളിപ്രം എന്നിവയാണ് കോർപറേഷൻ വാർഡുകൾ. ഇതിനു പുറമെ രണ്ട് മുനിസിപ്പാലിറ്റി, 15 ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ്. ആകെ 60 സ്ഥാനാർഥികളാണ് മത്സരരംഗത്ത്. ഇതിൽ 29 പേർ സ്ത്രീകളാണ്. സർക്കാരിനും സർക്കാരിനെതിരായ ആരോപണങ്ങൾക്കുമുള്ള ജനപിന്തുണ തെളിയിക്കാൻ എൽഡിഎഫിനും യുഡിഎഫിനും തിരഞ്ഞെടുപ്പ് നിർണായകമാണ്.