ആശുപത്രിയില്‍ ആക്രമണം, പൊലീസിനു നേരെ കയ്യേറ്റം; രണ്ടുപേര്‍ അറസ്റ്റില്‍

സാക്ഷി പറഞ്ഞയാളെ ആക്രമിച്ചതിനു പൊലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് എത്തിച്ച ഓട്ടോഡ്രൈവറും ഇയാളെ വിട്ടയയ്ക്കണമെന്ന ആവശ്യവുമായി എത്തിയ സഹോദരനും ചേര്‍ന്ന് ഫോര്‍ട്ട് ഗവ.ആശുപത്രിയില്‍ അക്രമം അഴിച്ചുവിട്ടു. ആശുപത്രിയിലെ ഉപകരണങ്ങള്‍ തല്ലിത്തകര്‍ത്ത അക്രമികള്‍ പൊലീസുമായി ഏറ്റുമുട്ടി. 

അക്രമം തടയാന്‍ ശ്രമിച്ച തമ്പാനൂര്‍ എസ്‌ഐ സജികുമാറിനും പൊലീസ് ഉദ്യോഗസ്ഥന്‍ അജയകുമാറിനും പരുക്കേറ്റു. സംഭവത്തില്‍ പാപ്പനംകോട് സ്വദേശികളായ വിവേക് എന്ന സജു(33), സഹോദരന്‍ വിഷ്ണു(30) എന്നിവരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 12.30ന് ആയിരുന്നു സംഭവം. ഓട്ടോ ഡ്രൈവര്‍മാര്‍ തമ്മിലുണ്ടായ അടിപിടി കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞ സജു ഒന്നര ആഴ്ച മുന്‍പാണ് ജാമ്യത്തില്‍ ഇറങ്ങിയത്. 

ഈ കേസില്‍ സാക്ഷി പറഞ്ഞ പ്രശാന്ത് എന്ന ഓട്ടോറിക്ഷ ഡ്രൈവറെ കഴിഞ്ഞ ദിവസം രാത്രി തമ്പാനൂര്‍ കെഎസ്ആര്‍ടിസി ടെര്‍മിനലിനു മുന്നില്‍ സജു മര്‍ദിച്ചു. തമ്പാനൂര്‍ പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തു. മദ്യലഹരിയില്‍ ആയിരുന്ന സജുവിനെ വൈദ്യപരിശോധനയ്ക്കായി ഫോര്‍ട്ട് ആശുപത്രിയില്‍ കൊണ്ടുവന്നപ്പോഴാണ് വിവരം അറിഞ്ഞ് എത്തിയ വിഷ്ണു ബഹളമുണ്ടാക്കിയത്. ഇരുവരും അക്രമാസക്തരായി ആശുപത്രിയിലെ ഉപകരണങ്ങളും ഫര്‍ണിച്ചറും തല്ലിത്തകര്‍ത്തു. 

ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ നിന്നു കൂടുതല്‍ പൊലീസുകാര്‍ എത്തി പ്രതികളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇവര്‍ക്ക് എതിരെ തമ്പാനൂര്‍, ഫോര്‍ട്ട് പൊലീസ് സ്റ്റേഷനുകളില്‍ കേസെടുത്തു. മ്യൂസിയം പൊലീസ് റജിസറ്റര്‍ ചെയ്ത കേസില്‍ സജുവിന്റെ ജാമ്യം റദ്ദാക്കാനും നടപടി സ്വീകരിച്ചു