വെള്ളിത്തിരയിലെ സൂപ്പര്‍ താരം രജനിയും, ക്രിക്കറ്റിലെ സൂപ്പര്‍ താരം കപിലും ഒന്നിക്കുന്നു ലാല്‍സലാമില്‍.!

മുംബൈ: ചെന്നൈ: തമിഴകത്തിന്റെ സ്റ്റൈല്‍ മന്നൻ രജനികാന്തിന്റെ മകള്‍ ഐശ്വര്യ ഒരുക്കുന്ന പുതിയ പ്രൊജക്റ്റാണ് 'ലാല്‍ സലാം'. ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ജോലികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഐശ്വര്യ രജനികാന്ത് ചിത്രത്തിന്റെ അപ്‍ഡേറ്റുകള്‍ക്ക് ഓണ്‍ലൈനില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ഇപ്പോള്‍ ഇതാ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്ന രജനികാന്ത് തന്നെ ഒരു പ്രധാന അപ്ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ കപില്‍ ദേവ് ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന കാര്യമാണ് ഒരു ട്വീറ്റിലൂടെ രജനി അറിയിച്ചത്. ഇന്ത്യയുടെ ഇതിഹാസമായ കപില്‍ ദേവുമായി ചേര്‍ന്ന് ജോലി ചെയ്യാന്‍ സാധിച്ചത് അഭിമാനകരമായ കാര്യമാണെന്ന് രജനി ട്വീറ്റില്‍ പറയുന്നു. രജനീകാന്തിനൊപ്പമുള്ള ഒരു ചിത്രം കപിൽദേവും പങ്കുവെച്ചു. ലാൽസലാമിൽ രജനീകാന്ത് അതിഥിവേഷത്തിലാണ് എത്തുന്നത്. 
രജനിയുടെ ക്യാരക്ടറിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്ത് എത്തിയിരുന്നു. മൊയ്തീന്‍ ഭായി എന്ന ക്യാരക്ടറാണ് ചിത്രത്തില്‍ രജനി അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. മുംബൈയിലെ എല്ലാവരുടെയും പ്രിയപ്പെട്ട ഭായി മൊയ്തീന്‍ ഭായി എത്തുന്നു എന്നാണ് പോസ്റ്ററിന്‍റെ ക്യാപ്ഷന്‍.'ലാല്‍ സലാം' സിനിമയില്‍ വിഷ്‍ണു വിശാലും വിക്രാന്തുമാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. ധനുഷ് നായകനായി '3'ഉം 'വെയ് രാജ വെയ്' എന്ന സിനിമയും ഐശ്വര്യ രജനികാന്ത് നേരത്തെ സംവിധാനം ചെയ്‍തിട്ടുണ്ട്. 'സിനിമ വീരൻ' എന്ന ഡോക്യുമെന്ററിയും സംവിധാനം ചെയ്‍തു. ഐശ്വര്യ രജനികാന്ത് 'സ്റ്റാൻഡിംഗ് ഓണ്‍ ആൻ ആപ്പിള്‍ ബോക്സ്: ദ സ്റ്റോറി ഓഫ് എ ഗേള്‍ എമംഗ് ദ സ്റ്റാര്‍' എന്ന പുസ്‍തകവും ഐശ്വര്യ രജനികാന്ത് എഴുതിയിട്ടുണ്ട്. 

സിരുത്തൈ ശിവ സംവിധാനം ചെയ്‍ത 'അണ്ണാത്തെ' എന്ന സിനിമയാണ് രജനികാന്ത് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. നെല്‍സണ്‍ സംവിധാനം ചെയ്യുന്ന 'ജയിലര്‍' എന്ന ചിത്രത്തിലാണ് രജനികാന്ത് ഇപ്പോള്‍ അഭിനയിക്കുന്നത്. രമ്യാ കൃഷ്‍ണനും ചിത്രത്തില്‍ കരുത്തുറ്റ കഥാപാത്രമായി എത്തും. ഒരു ജയിലറുടെ വേഷത്തിലാണ് ചിത്രത്തില്‍ രജനി എത്തുക.

ഹൈദരബാദിലെ രാമോജി റാവു ഫിലിം സിറ്റിയില്‍ ചിത്രീകരിക്കുന്ന 'ജയിലര്‍' ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ്. അനിരുദ്ധ് രവിചന്ദര്‍ ചിത്രത്തിന് സംഗീതം പകരുന്നു. വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ് ഛായാഗ്രാഹണം നിര്‍ഹിക്കുന്നത്. തിരക്കഥയില്‍ തന്‍റേതായ സ്വാതന്ത്ര്യമെടുക്കാന്‍ നെല്‍സണിന് രജനികാന്ത് അനുവാദം നല്‍കിയിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.