ഓടുന്ന ബസില്‍ നിന്ന് ടിക്കറ്റ് എടുക്കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കം, തള്ളിയിട്ട യുവാവിന് ദാരുണാന്ത്യം; ഡ്രൈവറും ക്ലീനറും അറസ്റ്റിലായി

ശ്രീകാകുളം: ഓടുന്ന ബസില്‍ നിന്ന് ടിക്കറ്റിന് പണം നല്‍കാത്തതിന് തള്ളിയിട്ട യുവാവിന് ദാരുണാന്ത്യം. ശ്രീകാകുളം ജില്ലയിലെ ലാവേരു മണ്ഡലത്തിലെ ബുദുമുരു ദേശീയ പാത ജങ്ഷന് സമീപമാണ് സംഭവം നടന്നിരിക്കുന്നത്.

 മെയ് മൂന്ന് അര്‍ധരാത്രിയായിരുന്നു സംഭവം. വിശാഖപട്ടണത്തെ മധുരവാഡ സ്വദേശി ഭരത് കുമാറാണ്( 27) ദാരുണമായി കൊല്ലപ്പെട്ടത്. വിശാഖപട്ടണത്തേക്ക് പോകാന്‍ നവഭാരത് ജങ്ഷനില്‍ ഭുവനേശ്വറില്‍ നിന്ന് സ്വകാര്യ ബസില്‍ കയറിയതാണ് ഭരത്. തുടര്‍ന്ന് ടിക്കറ്റ് എടുക്കാന്‍ ബസിലെ ജീവനക്കാരന്‍ ആവശ്യപ്പെട്ടു, എന്നാല്‍ കൈയില്‍ പണം ഇല്ലെന്നും സുഹൃത്തിന്‍റെ ഫോണില്‍ നിന്ന് ഫോണ്‍ പേ വഴി പണം അയക്കാമെന്നും ഭരത് ബസിലെ ജീവനക്കാരോട് പറയുകയുണ്ടായി.

എന്നാല്‍ ഏറെ നേരം കാത്തിരുന്നിട്ടും പണം കിട്ടാത്തതിനാൽ ബസ് ക്ലീനര്‍ ബൊമ്മാളി അപ്പണ്ണയും ഡ്രൈവര്‍ രാമകൃഷ്‌ണനും ചേര്‍ന്ന് പണം ഉടന്‍ നല്‍കണമെന്ന് ഭരതിനോട് ആവശ്യപ്പെട്ടു. എന്നാല്‍ സുഹൃത്തിന്‍റെ ഫോണ്‍ സ്വിച്ച്‌ ഓഫ് ആണെന്നും വിശാഖപട്ടണത്ത് എത്തിയാല്‍ ഉടന്‍ പൈസ നല്‍കാമെന്നും ഭരത് ഇവരോട് പറയുകയുമുണ്ടായി.എന്നാല്‍ ടിക്കറ്റിന് പണം നല്‍കാതെ യാത്ര ചെയ്യുന്നതിനെച്ചൊല്ലി ബസിലെ ജീവനക്കാരും ഭരതും തമ്മില്‍ തര്‍ക്കമാക്കുകയായിരുന്നു ചെയ്തത്. തര്‍ക്കത്തിനിടെ ഭരതിനെ ബസ് ജീവനക്കാരന്‍ പുറത്തേക്ക് പിടിച്ചു തള്ളുകയാണ് ഉണ്ടായത്.

ബസില്‍ നിന്ന് പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്ന യുവാവിന്‍റെ തല ഡിവൈഡറിന് നടുവിലെ ക്രോസ് ബാരിയറില്‍ ഇടിക്കുകയായിരുന്നു. ബസ് സംഭവ സ്ഥലത്ത് നിന്ന് നിര്‍ത്താതെ പോയി. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഭരതിനെ പൊലീസ് എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. സമീപത്തെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ബസിലെ ഡ്രൈവറെയും ക്ലീനറെയും പൊലീസ് അറസ്റ്റ് ചെയ്യുകയാണ് ഉണ്ടായിരിക്കുന്നത്.