തൃശൂര്‍ അതിരപ്പിള്ളി വനത്തില്‍ യുവതിയുടെ ജഡം കണ്ടെത്തിയ സംഭവം കൊലപാതകം. കാലടി സ്വദേശി ആതിരയുടെ മൃതദേഹമാണ് വനത്തിനുള്ളില്‍ നിന്ന് കണ്ടെത്തിയത്. ആതിരയുടെ സുഹൃത്ത് ഇടുക്കി സ്വദേശി അഖില്‍ അറസ്റ്റിലായി.കഴിഞ്ഞ മാസം 29നാണ് ആതിരയെ കാണാതായത്. ആതിര അഖിലിനൊപ്പം ഒന്നിച്ച് കാറില്‍ കയറി പോകുന്നത് കണ്ടതായി പോലീസിന് വിവരം ലഭിച്ചതാണ് കേസില്‍ നിര്‍ണായകമായത്. ഇതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തെക്കുറിച്ച് വ്യക്തമായത്. ഇരുവരും തമ്മില്‍ സാമ്പത്തിക തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു എന്ന് പൊലീസ് പറയുന്നു.സാമ്പത്തിക തര്‍ക്കങ്ങള്‍ രൂക്ഷമായപ്പോള്‍ വെറ്റിലപ്പാറ പത്ത് ആറ് വനത്തില്‍ ആതിരയെ എത്തിച്ച് അഖില്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. യുവതിയുടെ മൃതദേഹം കണ്ടെത്തിയ വനപ്രദേശത്ത് പൊലീസ് പരിശോധന നടത്തി വരികയാണ്.
വനത്തില്‍ വച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്ന് സൂചനയുണ്ട്. തുടര്‍ന്ന് അഖില്‍ ഷാള്‍ കൊണ്ട് കഴുത്ത് മുറുക്കി ആതിരയെ കൊലപ്പെടുത്തുകയായിരുന്നു. ആതിരയുടെ സ്വര്‍ണം ഉള്‍പ്പെടെ ഇയാള്‍ വാങ്ങിയിരുന്നു. ഇത് തിരികെ ചോദിച്ചപ്പോഴാണ് കൊലപാതകം നടത്തിയത്. കാലടി ചെങ്ങലി സ്വദേശിയാണ് ആതിര.