ശിവഗിരി: ആചാരാനുഷ്ഠാനങ്ങളില്‍ ചില കേന്ദ്രങ്ങള്‍ പിന്തുടരുന്ന അയിത്താചരണത്തിനെ തിരായി ശിവഗിരി മഠം രംഗത്തിറങ്ങി പ്രവര്‍ത്തിക്കുമെന്ന് ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി പറഞ്ഞു. ശിവഗിരിയില്‍ നടന്നു വരുന്ന ശ്രീനാരായണ ധര്മ്മമീമാംസാപരിഷത്തില് അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. ചില ക്ഷേത്രങ്ങളില്‍ നായര്‍ താലിപ്പൊലി, ഈഴവ താലപ്പൊലി , പുലയ താലപ്പൊലി എന്നിങ്ങനെ ജാതിപരമായ താലപ്പൊലികള്‍ നടത്തുന്നു. ചില ക്ഷേത്രങ്ങളില്‍ ചില പ്രത്യേക സമുദായക്കാര്‍ക്ക് മാത്രമേ താലപ്പൊലി ആകാവൂ. ഈ അധാര്മ്മികതക്കെതിരായി ഗുരുദേവഭക്തര്‍ പ്രതികരിക്കണം. ക്ഷേത്രങ്ങളിലെ വരുമാനത്തില്‍ നല്ലൊരു പങ്കും ബഹുഭൂരിപക്ഷം വരുന്ന അധസ്ഥിതരുടേതാണ്. എങ്കിലും അവര്‍ക്ക് ക്ഷേത്രങ്ങളിലെ ജോലികളില്‍ മതിയായ പ്രാതിനിധ്യം ലഭിക്കുന്നില്ല. നല്ലവണ്ണം വൈദികം പഠിച്ച പിന്നോക്ക വിഭാഗങ്ങള്‍ക്ക് കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നും ഒരു മുട്ടുശാന്തിയായി പ്പോലും സേവനം ചെയ്യാന്‍ അയിത്താചരണം കൊണ്ട് അനുവദിക്കുന്നില്ല. ഇതിനെതിരായി അധികാരികളുടെ കണ്ണ് തുറക്കുവാന്‍ ശിവഗിരി മഠം ഗുരുധര്‍മ്മപ്രചരണ സഭ അയിത്ത നിരോധന മാര്‍ച്ച് നടത്തുന്നതായിരിക്കും. ഗുരുദേവ ഭക്തര്‍ ശ്രീനാരായണ ക്ഷേത്രപാരമ്പര്യം പിന്തുടരുന്നവരായിരിക്കണമെന്നും സച്ചിദാനന്ദ സ്വാമികള്‍ പറഞ്ഞു.